മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന ശ്രീറാം വെങ്കട്ടരാമന്‍റെ വാദം കോടതി തള്ളി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്തു.
|
നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ പ്രധാന വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപോർട്ട് പ്രകാരം ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നും അതിനാൽ തനിക്കെതിരേയുള്ള കേസ് നിലനിൽക്കില്ലെന്നും ഇത് സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ഹരജിക്കാരന്‍ അവകാശപ്പെടുകയുണ്ടായി.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാമും വനിതാസുഹൃത്ത് വഫയും സഞ്ചരിച്ച കാർ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്. സംഭവ സമയം മദ്യ ലഹരിയിൽ ആയിരുന്നു ശ്രീറാം വെങ്കട്ടരാമൻ.
നേരത്തെ വിചാരണകോടതി കേസില്‍ നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫക്കുമെതിരായി 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കേടതിയുടെ വിധി. വിധി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ് നിയമം. അപകടത്തിന് തൊട്ടുപിന്നാലെ രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഡോക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ തെളിവുനശിപ്പിക്കാനാണിത് ചെയ്തതെന്ന് പ്രോസിക്യൂഷന്റെ ചൂണ്ടിക്കാട്ടിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





