കൊച്ചി: കേസൊതുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കോടികള്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. (Kochi enforcement directorate bribery case) കൊല്ലത്തെ കശുവണ്ടി വ്യാപാരിക്ക് പുറമേ നിരവധി പേര് പരാതിയുമായി രംഗത്തെത്തി. ഇഡി കൊച്ചി യൂണിറ്റിലെ നിരവധി ഉദ്യഗോസ്ഥര്ക്ക് സംഭവത്തില്‍ പങ്കുള്ളതായാണ് സൂചന.
|
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെപേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടിരൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഇഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കൈക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ രണ്ട് ഏജന്റുമാരെ വെള്ളിയാഴ്ച വിജിലന്‍സ് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ഇഡി ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണമെത്തിയത്. അറസ്റ്റിലായ തമ്മനം വട്ടത്തുണ്ടിയില്‍ വില്‍സണ്‍ (36) രണ്ടാംപ്രതിയും രാജസ്ഥാന് തക്കത്ത് ഖര് സ്വദേശി മുകേഷ് കുമാര്‍ (55) മൂന്നാംപ്രതിയുമാണ്.
ഇടനിലക്കാരനെന്ന് കണ്ടെത്തിയ, കൊച്ചി വാരിയം റോഡില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിനെ ശനിയാഴ്ച വിജിലന്‍സ് അറസ്റ്റുചെയ്തു. ഇയാള്‍ നാലാം പ്രതിയാണ്.
ഇഡി കൊച്ചി ഓഫീസിലെ വിവരം ഏജന്റുമാര്‍ക്ക് നല്കി രണ്ടുകോടി രൂപ പരാതിക്കാരനില്‍നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രഞ്ജിത്താണ് മുഖ്യസൂത്രധാരനെന്ന് വിജിലന്‍സ് വ്യക്തമാക്കി. രണ്ടും മൂന്നും പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. രഞ്ജിത്തിനെ കോടതി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയിലാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് എസ്പി എസ്. ശശിധരനും സംഘവും പ്രതികളെ കുടുക്കിയത്.
കശുവണ്ടിസ്ഥാപനത്തിന്റെ വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖകളാണ് ഹാജരാക്കിയതെന്നും കാണിച്ച് പരാതിക്കാരന് ഇഡി ഓഫീസില്‍നിന്ന് നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് വര്ഷങ്ങള്മുന്പുമുതലുള്ള കണക്കുകള്‍ ആവശ്യപ്പെടുകയും ജയിലിലടയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു.
പ്രതികള്‍ പരാതിക്കാരന് കൈമാറിയ ബാങ്ക് അക്കൗണ്ട് നമ്പര്‍ ആരുടേതെന്ന പരിശോധന വിജിലന്‍സ് തുടങ്ങിയിട്ടുണ്ട്. പലതവണ പ്രതികള്‍ പരാതിക്കാരനുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഇഡി ഉദ്യോഗസ്ഥനുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായി വിജിലന്‍സ് പറയുന്നു. ഇഡി ഓഫീസില്‍നിന്ന് സമന്‍സ് അയപ്പിക്കുമെന്ന് പരാതിക്കാരനോട് പറയുകയും അവര്‍ പറഞ്ഞദിവസം തന്നെ സമന്‍സ് എത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് പ്രതികളും ഉദ്യോഗസ്ഥനും തമ്മിലുള്ള രഹസ്യബന്ധമാണെന്ന് വിജിലന്‍സ് കരുതുന്നു.
അഴിമതിയുടെ ചെളിക്കുണ്ടില്‍ ഇഡി
കള്ളപ്പണക്കേസുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ അഴിമതിക്കുരുക്കില്‍ പെടുന്നത് കേരളത്തില്‍ ആദ്യമാണെങ്കിലും സംസ്ഥാനത്തിന് പുറത്ത് നിരവധി അഴിമതിക്കേസുകളും അറസ്റ്റുകളും ഇഡിക്കെതിരേ ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം ഇഡി ഷിംല യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വിശാല്‍ ദീപിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സ്കോളര്‍ഷിപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്.
ഇയാളുടെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ഒരുകോടിയിലധികം രൂപ പണമായി കണ്ടെടുത്തിരുന്നു. മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കേസ് ഒഴിവാക്കാനാണ് വിശാല്‍ ദീപ് ദേവഭൂമി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനായ ഭൂപീന്ദര്‍ കുമാര്‍ ശര്‍മയില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്.
മുംബൈയില്‍ കഴിഞ്ഞവര്‍ഷം വി.എസ്. ഗോള്‍ഡ് കമ്പനി എന്ന ജൂവലറിയുടെ ഉടമയായ വിപുല്‍ താക്കറില്‍നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ് യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നേരത്തേ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു.
രാജസ്ഥാന് ആന്റി കറപ്ഷന്‍ ബ്യൂറോ 2023-ല്‍ കേസൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയതിന് മണിപ്പുരിലെ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ചിട്ടിക്കേസുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥനായ നവല്‍ കിഷോര്‍ മീണയെ അറസ്റ്റ് ചെയ്തത്. ഇംഫാല്‍ ഇഡിയിലെ സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.
കോവിഡ് കാലത്ത് 2021-ല്‍ ബെംഗളൂരുവിലെ ബിസിനസുകാരന്റെ വീട്ടില്‍ വ്യാജറെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥനെയും സഹായിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്ന ബിസിനസുകാരന്റെ ഹോട്ടലിനെതിരേ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഉദ്യോഗസ്ഥനായ ഡി. ചന്നകേശവലു വ്യാജ റെയ്ഡ് നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





