22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് ഉദ്ഘാടനം ചെയ്തത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നാണ് സിപിഐഎം മേയറുടെ വാദം.

 

ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയാണെന്ന് അറിയാമായിരുന്നെന്നും എന്നാൽ ബാല​ഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും മേയര്‍ പറഞ്ഞു.

 

പല സ്ഥലത്തും ബിജെപിയുടെ പരിപാടിക്ക് പോയിട്ടുണ്ട്. അതൊന്നും കുഴപ്പമില്ലെന്നാണ് അപ്പോഴക്കെ പാർട്ടി പറഞ്ഞിട്ടുള്ളതെന്നും മേയർ പറഞ്ഞു. ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തിലാണ് മേയർ പങ്കെടുത്തത്.

 

മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് തന്നെ വിളിച്ചത്. അതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് തോന്നിയില്ല. വര്‍ഗീയമായ ഒന്നും തനിക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ലെന്നും എല്ലാം സാധുക്കളായ സ്ത്രീകളായിരുന്നുവെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.

 

നെറ്റിയില്‍ ചുവപ്പിട്ട് കൃഷ്ണ വിഗ്രഹത്തില്‍ താന്‍ മാലചാര്‍ത്തുമോയെന്ന് അവര്‍ക്കു തന്നെ സംശയമുണ്ടായിരുന്നു. പക്ഷെ, അതിലൊന്നും എനിക്കൊരു തെറ്റും തോന്നിയിട്ടില്ല.

 

ഇതിന് പാര്‍ട്ടിയോട് അനുവാദം ചോദിച്ചിട്ടില്ല. ദൈവങ്ങളും അവരുടെ ഫോട്ടോകളുമൊന്നും ആരുടേയും കുത്തകയല്ലെന്നും ഇതിലൊന്നും വര്‍ഗീയത കുത്തിത്തിരുകരുതെന്നും മേയര്‍ പറഞ്ഞു.

 

കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും ഉദ്ഘാടന പ്രസം​ഗത്തിൽ മേയര്‍ കുറ്റപ്പെടുത്തിയിരുന്നു. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാർ എത്തണമെന്നും മേയർ പറഞ്ഞു. ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്.

 

ആര്‍എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഐഎം നിലപാട്. പാര്‍ട്ടി അനുഭാവികളായ കുട്ടികള്‍ അത്തരം ശോഭായാത്രകളില്‍ പങ്കെടുക്കുന്നത് സിപിഐഎം വിലക്കുകയും ചെയ്തിരുന്നു.

 

കൂടാതെ, ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ബദല്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരിക്കെയാണ് അതിന് വിരുദ്ധമായി ബാല​ഗോകുലം പരിപാടിക്കെത്തി സിപിഐഎം മേയർ ഉദ്ഘാടനം ചെയ്തത്.