23
Nov 2024
Tue
23 Nov 2024 Tue
kuwait considering to change residency rule for expats above 60

കുവൈത്ത് സിറ്റി: യൂനിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റസിഡന്‍സി നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് കുവൈത്ത് പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലെ നിയമമനുസരിച്ച് ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സും മറ്റ് ഫീസുകളും അടക്കം 1000 ദീനാറിലധികം വേണ്ടിവരും. ഇതിനാല്‍ തന്നെ കുറഞ്ഞ വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞവര്‍ ഇഖാമ പുതുക്കാനാവാതെ രാജ്യം വിടാന്‍ നിര്‍ബന്ധിതരായിരുന്നു.

രാജ്യത്തെ തൊഴില്‍ വിപണിയെ സജീവമാക്കാനുള്ള നടപടികള്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നടപടിയിലേക്ക് കുവൈത്ത് കടന്നിരിക്കുന്നത്.

അടുത്തിടെ സര്‍ക്കാര്‍ കരാറുകളില്‍നിന്ന് പ്രവാസി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റുവാനും വീട്ടുജോലിക്കാര്‍ക്ക് ഗാര്‍ഹിക വിസയില്‍ നിന്നു തൊഴില്‍ വിസയിലേക്ക് മാറാനും അനുമതി നല്‍കിയിരുന്നു. പുതിയ നടപടികള്‍ പ്രാദേശിക തൊഴില്‍ വിപണിയില്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.