23
Dec 2024
Thu
23 Dec 2024 Thu
kuwait fm narendra modi

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കുവൈത്ത് വിദേശകാര്യമന്ത്രി. (Kuwait FM praised PM Narendra Modi) മോദിയുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കുവൈത്ത് മന്ത്രി അബ്ദുള്ള അലി അല്‍ യഹ്യ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയെ ‘വളരെ പ്രധാനപ്പെട്ട പങ്കാളി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും ജ്ഞാനികളായ വ്യക്തികളില്‍ ഒരാളാണ് മോദിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ബുധനാഴ്ച ഇന്ത്യയില്‍ എത്തിയത്.

ഇന്നലെ വൈകിട്ടാണ് നരേന്ദ്ര മോദിയെ ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ വസതിയില്‍ അബ്ദുള്ള അലി അല്‍ യഹ്യ സന്ദര്‍ശിച്ചത്. നരേന്ദ്ര മോദിയെ കണ്ട ശേഷം ഹൈദരാബാദ് ഹൗസില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അബ്ദുള്ള അലി അല്‍ യഹ്യ കൂടിക്കാഴ്ച നടത്തി.

പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ‘ഇന്ത്യയിലേക്കുള്ള ക്ഷണത്തിനും പ്രധാനമന്ത്രി മോദിയെ കാണാനുള്ള അവസരത്തിനും നന്ദി. അദ്ദേഹത്തെ ലോകത്തെ ഏറ്റവും ജ്ഞാനികളായ വ്യക്തികളില്‍ ഒരാളായി ഞങ്ങള്‍ കണക്കാക്കുന്നു. പ്രധാനമന്ത്രി ഇന്ത്യയെ മികച്ച നിലയിലേക്ക് കൊണ്ടുപോകുന്നുവെന്നും അത് തുടരുമെുന്നും എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാളിയാണ്, ഞങ്ങള്‍ ഈ ബന്ധത്തെ ആശ്രയിക്കുന്നു,’ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള പ്രതിനിധിതല കൂടിക്കാഴ്ചയില്‍ അബ്ദുള്ള അലി അല്‍-യഹ്യ പറഞ്ഞു.

കൂടിക്കാഴ്ചയില്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറില്‍ ഇരുവരും ഒപ്പുവച്ചു. വിദേശകാര്യ മന്ത്രിമാരുടെ തലത്തില്‍ സഹകരണത്തിനായി ഒരു സംയുക്ത കമ്മീഷന്‍ (ജെ.സി.സി) സ്ഥാപിക്കുന്നതിനാണ് കരാര്‍. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ പുതിയ സംയുക്ത പ്രവര്‍ത്തക സമിതികള്‍ രൂപീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.