|
കുവൈത്ത് സിറ്റി: വിദേശത്ത് ജോലി നോക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി കുവൈത്തിലെ ഇന്ത്യൻ എംബസി. കരിനിഴലിൽ ഉള്ള ചില ഏജൻസികളുടെ വലയിൽ വീഴരുതെന്ന് അഭ്യർത്ഥിച്ച എംബസി, വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും പട്ടിക പുറത്തു വിടുകയും ചെയ്തു. കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി.
ഇതുപ്രകാരം എംബസി ലേബർ വിഭാഗം വെബ്സൈറ്റിൽ പുതുക്കിയ പട്ടിക അപ്ലോഡ് ചെയ്തിരുന്നു. 18 ഇന്ത്യൻ ഏജൻസികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകൾ പട്ടികയിൽ ചേർത്തിട്ടുണ്ട്. ഡൽഹിയിലെ എട്ട് ഏജൻസികളും മുംബൈയിലെ നാല് ഏജൻസികളും പട്ടികയിൽ ഉള്ളപ്പെട്ടു. ജനറൽ ട്രേഡിങ്, കോൺട്രാക്ടിങ്, കേറ്ററിങ്, റെസ്റ്റോറന്‍റുകൾ, മെഡിക്കൽ, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പ്രധാനമായും ബ്ലാക്ക്‌ലിസ്റ്റിൽ ഉളളത്.
അൽ മനാർ സ്റ്റാർ കമ്പനി ഫോർ ഡെലിവറിങ് കണ്‍സ്യൂമർ ഓർഡേഴ്‌സ്, ഹുദാസ് സെന്‍റർ ഫോർ ഏർലി ലേണിങ് കമ്പനി ഫോർ മാനേജിങ് നഴ്സ് എന്നിവയും ഈ പട്ടികയിലുണ്ട്. പാസ്‌പോർട്ട് പിടിച്ചുവയ്ക്കൽ, ശമ്പളം നൽകാതിരിക്കൽ, ശാരീരിക പീഡനം തുടങ്ങിയ പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കമ്പനികളെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
ബ്ലാക്ക് ലിസ്റ്റിൽ എങ്ങനെ ഉൾപ്പെടും
വിശദമായ അന്വേഷണം നടത്തിയതിന് ശേഷമേ ഒരു കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. ചില മാനദണ്ഡങ്ങൾ പാലിച്ചാണ് എംബസി ഒരു ഏജൻസിയെ/കമ്പനിയെ ബ്ലാക്ക് ലിസ്റ്റില് പെടുത്തുന്നത്. ആദ്യം എംബസിക്ക് മുമ്പിൽ എത്തുന്ന പരാതികൾ ആദ്യം ബന്ധപ്പെട്ട കമ്പനികളുമായി ചർച്ച ചെയ്യും. പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യും. പരാതികൾ പരിഹരിച്ചില്ലെങ്കിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും തൊഴിലാളികളോട് കോടതിയിൽ കേസ് കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.
ബ്ലാക്ക് ലിസ്റ്റിൽ പെട്ടാൽ
ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനികളിലേക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ എംബസി അനുവദിക്കില്ല. വിവാദ കമ്പനികൾക്ക് തൊഴിലാളി റിക്രൂട്ട്‌മെന്‍റിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനം ബ്ലോക്ക് ചെയ്യും. ബ്ലാക്ക്‌ലിസ്റ്റിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇന്ത്യൻ എംബസിയുടെ അനുകൂല റിപ്പോർട്ട് സമർപ്പിക്കണം. അതിനായി കമ്പനിയുടെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റുകൾ പരിഹരിക്കണം.
Kuwait Indian embassy released the names of agent in the black list


