22
Mar 2025
Wed
22 Mar 2025 Wed
Kuwati raffle draw

കുവൈത്ത് റാഫിള്‍ നറുക്കെടുപ്പുകളിലെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതിലും എത്രയോ കൂടുതല്‍. (Kuwait Raffle Draw Fraud; 15 draws rigged; Three years of commercial draws to be examined) അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വാണിജ്യ നറുക്കെടുപ്പുകള്‍ സമഗ്രമായി ഓഡിറ്റ് നടത്താനും വിജയികളുടെ പേരുകള്‍ പരിശോധിക്കാനും വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, പരമാവധി സുതാര്യത ഉറപ്പാക്കുന്നതിനും സെന്‍ട്രല്‍ ബാങ്കിന് ഫലങ്ങള്‍ നല്‍കുന്നതിനുമായി എല്ലാ നറുക്കെടുപ്പുകളും മാറ്റിവയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ALSO READ: കുവൈത്തില്‍ റാഫിള്‍ ഡ്രോയില്‍ തിരിമറി നടത്തി ഏഴ് വാഹനങ്ങള്‍ സ്വന്തമാക്കി; രാജ്യം വിടാനൊരുങ്ങിയ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍; സംഘത്തില്‍ ഇന്ത്യക്കാരും

തട്ടിപ്പില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് പുതിയ വ്യക്തികളെ വാണിജ്യ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്, 15ഓളം വ്യത്യസ്ത നറുക്കെടുപ്പുകളില്‍ കൃത്രിമത്വം നടന്നതായാണ് ഇതുവരെ കണ്ടെത്തിയ പ്രാഥമിക വിവരം. ഏകദേശം 250,000 KWD വിലയുള്ള കാറുകളാണ് ഈ നറുക്കെടുപ്പുകളില്‍ സമ്മാനമായി നല്‍കിയത്.

പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം
Nawaf al nasar

കുവൈത്തില്‍ പ്രമാദമായ നറുക്കെടുപ്പ് തട്ടിപ്പ് പുറത്തു കൊണ്ടു വന്ന നവാഫ് അല്‍-നാസര്‍ എന്ന യുവ പോലീസ് ഉദ്യോഗസ്ഥന് കുവൈത്തി സമൂഹത്തില്‍ നിന്നും അഭിനന്ദന പ്രവാഹം. ആഭ്യന്തര മന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷാ വിഭാഗത്തില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന ഈ യുവാവ് വ്യക്തി പരമായി നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറം ലോകം അറിയാന്‍ കാരണമായത്.

തന്റെ ജോലിയുടെ ഭാഗം അല്ലാതിരുന്നിട്ടും സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ട വിവരങ്ങള്‍ രാജ്യ താല്പര്യം മുന്‍ നിര്‍ത്തി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയായിരുന്നു ആക്റ്റിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് നേരിട്ട് വിളിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി പ്രശംസാ പത്രം കൈമാറിയത്.

ഹല ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എട്ടാമത്തെ നറുക്കെടുപ്പിലെ ഭാഗ്യ പരീക്ഷണത്തിന് കൂപ്പണുകള്‍ നിക്ഷേപിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന ആയിരങ്ങളില്‍ ഒരാള്‍ ആയിരുന്നു ഇദ്ദേഹവും. ഇത് കൊണ്ട് തന്നെ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം ഇദ്ദേഹവും വീക്ഷിച്ചിരുന്നു.

നറുക്കെടുപ്പ് നടത്തിയ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ സംശയകരമായ ചില നീക്കങ്ങള്‍ ദൃശ്യങ്ങള്‍ വഴി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വീഡിയോ ആവര്‍ത്തിച്ച് പരിശോധിച്ചത്.

ദൃശ്യങ്ങളില്‍ സംശയകരമായ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പലതവണ കണ്ടതോടെ നറുക്ക് ലഭിച്ച കൂപ്പണില്‍ ഉദ്യോഗസ്ഥന്‍ തിരിമറി നടത്തുന്നത് വ്യക്തമാകുകയും ചെയ്തു. വലതു കൈപത്തിയില്‍ മുറുകെ പിടിച്ച പേനയുമായി ഇടതു കൈ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പ് നടത്തിയത്.

ഇതിനു ശേഷം തന്റെ വലതു കൈപത്തിയില്‍ പിടിച്ച പേനയോടൊപ്പം നേരത്തെ ഒളിപ്പിച്ച മറ്റൊരു കൂപ്പണ്‍ ഇടതു കയ്യിലേക്ക് മാറ്റുകയും നറുക്ക് വീണ യതാര്‍ത്ഥ കൂപ്പണ്‍, സൂത്രത്തില്‍ കുപ്പായത്തിന്റെ വലതു കൈയില്‍ ഒളിപ്പിക്കുകയുമായിരുന്നു. വലതു കയ്യില്‍ പിടിച്ച പേന ഇടതു കയ്യിലേക്ക് മാറ്റുകയാണെന്ന് സ്വാഭാവികമായി തോന്നിപ്പിക്കുന്ന രീതിയിലാണ് ഇരു കൂപ്പണുകളും ഇയാള്‍ ഇരു കൈകളില്‍ നിന്നും പരസ്പരം മാറ്റിയത്.

ഈ സമയത്ത് ഉദ്യോഗസ്ഥന്റെ മുഖത്ത് പരിഭ്രാന്തി പ്രകടമായിരുന്നു. നറുക്കെടുപ്പില്‍ പങ്കെടുത്ത സംഘാടകര്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനിടയില്‍ ക്യാമറയില്‍ നോക്കാതെയുള്ള ഇയാളുടെ നില്‍പ്പും ദൃശ്യങ്ങളില്‍ താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും നവാഫ് അല്‍ നാസര്‍ അറിയിച്ചു.

ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്റെ അമ്മാവനും കൂടെയുണ്ടായിരുന്നു. ദൃശ്യങ്ങളിലെ തന്റെ നിഗമനങ്ങള്‍ അദ്ദേഹവും അംഗീകരിച്ചു. ഇതോടെയാണ് അധികൃതരെ വിവരം അറിയിക്കാന്‍ തീരുമാനിച്ചത്.