2014 ജനുവരി 3ലെ മന്‍മോഹന്‍ സിങ്ങിന്റെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന പത്രസമ്മേളനം; അതിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് പത്രസമ്മേളനം നടത്തിയിട്ടില്ല
|
ന്യൂഡല്‍ഹി: ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് പത്രസമ്മേളനം നടത്തിയിട്ട് നീണ്ട പത്തു വര്‍ഷം. 2014 ജനുവരി മൂന്നിനായിരുന്നു, ഡോ. മന്‍മോഹന്‍ സിങ് തന്റെ അവസാന വാര്‍ത്താസമ്മേളനം നടത്തിയത്. അന്നത് ഒരു മണിക്കൂറിലേറെ സമയം നീണ്ടു. നൂറു മാധ്യമപ്രവര്‍ത്തകരുടെ 62 ചോദ്യങ്ങള്‍ക്ക് അന്ന് മന്‍മോഹന്‍ സിങ് മറുപടി നല്‍കി. പിന്നീട് അങ്ങനെയൊരു സംഭവം നടന്നില്ല. മന്‍മോഹന് ശേഷം അധികാരത്തിലേറിയ നരേന്ദ്ര മോദി ഒരിക്കല്‍പ്പോലും രാജ്യത്തുവച്ച് മാധ്യമങ്ങളുടെ ചോദ്യം നേരിട്ടിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍, ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതല്ലാതെ ഒരു വാര്‍ത്താ സമ്മേളനത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം മോദി കാണിച്ചിട്ടില്ല.
നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും യു. എസ് സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം വൈറ്റ് ഹൗസില്‍ മോദിക്ക് പ്രി പ്ലാന്‍ഡ് അല്ലാത്ത ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അന്ന് ബൈഡനൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പങ്കെടുത്തു. എന്നാല്‍ രണ്ട് ചോദ്യങ്ങള്‍ മാത്രമാണ് മോദി അഭിമുഖീകരിച്ചത്.
മന്‍മോഹന്‍ സിങ് നടത്തിയ ആ അവസാന വാര്‍ത്താ സമ്മേളനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേഷ്ടാവ് ആയിരുന്ന പങ്കജ് പച്ചൗരി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ്, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് പത്രസമ്മേളനം നടത്തിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞെന്ന ചര്‍ച്ചയായത്. ”ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം കഴിഞ്ഞിട്ട് പത്തു വര്‍ഷമാകുന്നു. 100 മാധ്യമപ്രവര്‍ത്തകരുടെ 62 എഴുതിതയാറാകാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു” അദ്ദേഹം എക്‌സില്‍ കുറിച്ചു.
2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മന്‍മോഹന്‍ സിങ് അവസാനമായി മാധ്യമങ്ങളെ കണ്ടത്. തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ക്കൊപ്പം വീഴ്ചകളും ഏറ്റുപറഞ്ഞായിരുന്നു ആ വാര്‍ത്താ സമ്മേളനം. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തോല്‍വിയും ഉത്പ്പാദന മേഖലയിലെ തൊഴിലില്ലായ്മയും അടക്കം അന്ന് മന്‍മോഹന്‍ സിങ് ഏറ്റുപറഞ്ഞിരുന്നു.
രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ മന്‍മോഹന്‍ സിങ് ശബ്ദിക്കുന്നില്ലെന്ന് ബിജെപി സ്ഥിരമായി അക്കാലത്ത് ആരോപണം ഉന്നയിച്ചിരുന്നു. അതേ ബിജെപി അധികാരത്തിലേറിയതിന് ശേഷം, വാര്‍ത്താ സമ്മേളനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്ന രീതിയാണ് നരേന്ദ്ര മോദി സ്വീകരിച്ചത്. പാര്‍ലമെന്റ് സെഷനുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പാര്‍ലമെന്റിന് മുന്നില്‍വെച്ച് മാധ്യമങ്ങളെ കാണുമെങ്കിലും ചോദ്യങ്ങളെല്ലാം മുന്‍കൂട്ടി നല്‍കിയതിന് ശേഷമാണ് മോദി പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
താന്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് എന്നാണ് മോദി അവകാശപ്പെടുന്നത്. മാധ്യമങ്ങളെ കാണുന്നതിന് പകരം, ആകാശവാണിയിലൂടെ മന്‍ കി ബാത്ത് നടത്തി സംവദിക്കുകയാണ് മോദി ചെയ്യുന്നത്. പക്ഷേ, ബിജെപി അജണ്ഡകള്‍ പ്രപരിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ വിവരിക്കാനുമാണ് മോദി ഈ പരിപാടി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ റേഡിയോ ചാനലിലൂടെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതും പതിവാണ്.





