ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. ( LG Vinai Saxena Drops A Hint For President’s Rule In Delhi )
|
ജയിലില്‍ നിന്ന് ഒരു സര്‍ക്കാര്‍ നടത്താനാവില്ലെന്ന് കഴിഞ്ഞ ദിവസം ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സ്‌ക്‌സേന പറഞ്ഞിരുന്നു. ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ ബിജെപി പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു സക്‌സേനയുടെ പരാമര്‍ശം. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
അതേ സമയം, മദ്യനയക്കേസില്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. പണം ബിജെപിക്ക് പോയെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിക്ക് സമര്‍പ്പിക്കുമെന്നാണ് കെജ്‌രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. കസ്റ്റഡി കാലാവധി ഇഡി വീണ്ടും നീട്ടി ചോദിക്കാനാണ് സാധ്യത. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹരിജിയും ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ മദ്യനയ അഴിമതി കേസില്‍ കൂടുതല്‍ ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ഇതിന്റെ ഭാഗമായി ഗോവ എഎപി അധ്യക്ഷനടക്കം നാലു പേരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം.





