|
ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ആന്‍ഫീല്‍ഡില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് സ്പാനീഷ് കരുത്തരുടെ വിജയം. 14 മിനിറ്റ് വരെ രണ്ട് ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് റയലിന്റെ ഉജ്വല തിരിച്ചു വരവ്. കരിം ബെന്‍സേമയുടേയും, വിനീഷ്യസ് ജൂനിയറിന്റേയും ഇരട്ട ഗോളുകളാണ് റയലിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്.
ലിവര്‍പൂളിന് വേണ്ടി നൂനെസും (4) മുഹമ്മദ് സലാഹും(14) ലക്ഷ്യംകണ്ടപ്പോള്‍ റയലിനായി നിവീഷ്യസ് ജൂനിയര്‍ (21, 36) കരീം ബെന്‍സേമ (55, 67) എന്നിവര്‍ ഇരട്ട ഗോളടിച്ചു. മിലിറ്റാവോയാണ് റയലിന്റെ മറ്റൊരു സ്‌കോറര്‍.
ആന്‍ഫീല്‍ഡില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ലിവര്‍പൂളിന് ലഭിച്ചത്. നാലാം മിനിറ്റില്‍ സാല നല്‍കിയ പാസ്സില്‍ മനോഹരമായ ഫ്‌ലിക്കിലൂടേ നുനെസ് ആദ്യ ഗോള്‍ നേടി. 14 ാം മിനിറ്റില്‍ കോര്‍ട്ടോയുടെ പിഴവില്‍ സാല സ്‌കോര്‍ ചെയ്തത്. ഇതിനു ശേഷമാണ് റയല്‍ കളി പുറത്തെടുത്തത്.
ബോക്‌സില്‍ വിനീഷ്യസിന്റെ മനോഹര ചുവടുകള്‍ക്ക് ശേഷം തകര്‍പ്പന്‍ ഒരു ഷോട്ട് വല കുലുക്കി. അതിനു ശേഷം അലിസണ്ണിന്റെ പിഴവില്‍ വിനീഷ്യസ് സമനില കണ്ടെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലേ റയല്‍ ലീഡെടുത്തു. ഫ്രീകിക്കില്‍ നിന്ന് എഡര്‍ മിലിറ്റാവോ ലീഡ് നേടി കൊടുത്തു. ഇതിനു പിന്നാലെ കരീം ബെന്‍സേമ ഇരട്ട ഗോള്‍ കണ്ടെത്തി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി
മത്സരത്തിന്റെ അന്‍പത്തിയഞ്ചാം മിനുറ്റില്‍ റയല്‍ മാഡ്രിഡിനായി വല കുലുക്കിയതോടെ ചാമ്പ്യന്‍സ് ലീഗിലെ ഒരു അത്യപൂര്‍വ്വ റെക്കോര്‍ഡാണ് പിറന്നത്. ഈ ഗോളോടെ തുടര്‍ച്ചയായ 18 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമായി ബെന്‍സേമ മാറി. ലയണല്‍ മെസിയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയ താരം. ലോക ഫുട്‌ബോളിലെ മറ്റ് വമ്പന്മാര്‍ക്കാര്‍ക്കും ഈ നേട്ടത്തിലെത്താനായിട്ടില്ല.
മാര്‍ച്ച് പതിനാറാം തീയതി റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ രണ്ടാം പാദം നടക്കും.



