മധ്യപ്രദേശ്: ദളിത് യുവാവിന്റെ മുഖത്തും ദേഹത്തും മനുഷ്യ വിസര്‍ജ്യം പുരട്ടി; പ്രതിഷേധം
|
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവാവിന്റെ മുഖത്തും ദേഹത്തും മേല്‍ജാതിക്കാരന്‍ മനുഷ്യ വിസര്‍ജ്യം പുരട്ടി. ഛത്തര്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജോലിക്കിടെ അബദ്ധത്തില്‍ മറ്റൊരാളുടെ ദേഹത്ത് ഗ്രീസ് പുരണ്ട കൈ സ്പര്‍ശിച്ചതിനാലാണ് ക്രൂരതചെയ്തതെന്നാണ് സൂചന. ദളിത് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാംകൃപാല്‍ പട്ടേല്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഛത്തര്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബികൗര ഗ്രാമത്തില്‍, പഞ്ചായത്തിനായി ഡ്രെയിനേജ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരയായ ദശരത് അഹിര്‍വാര്‍. പ്രതിയായ രാംകൃപാല്‍ പട്ടേല്‍ സമീപത്തെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് കുളിക്കുകയായിരുന്നു. ഇതിനിടെ അഹിര്‍വാര്‍ നിര്‍മ്മാണ ജോലിക്കുപയോഗിച്ചിരുന്ന ഗ്രീസ് അബദ്ധത്തില്‍ പട്ടേലിന്റെ ദേഹത്തായി. പിന്നാലെ പട്ടേല്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന മഗ്ഗില്‍ സമീപത്ത് കിടന്നിരുന്ന മനുഷ്യ വിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവന്ന് യുവാവിന്റെ തലയിലും മുഖത്തും ദേഹത്ത് തേക്കുകയായിരുന്നു. പട്ടേല്‍ തന്നെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതായും യുവാവ് പരാതിപ്പെടുന്നു.
‘ഞാന്‍ വിഷയം പഞ്ചായത്തിനെ അറിയിക്കുകയും യോഗം വിളിക്കണമെന്ന് ആവവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് എനിക്ക് 600 രൂപ പിഴ ചുമത്തിയെന്നും ദളിത് യുവാവ് ആരോപിച്ചു.
അടുത്തിടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസി യുവാവിന്റെ ദേഹത്ത് ഒരാള്‍ മൂത്രമൊഴിച്ച സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





