|
കോഴിക്കോട്: കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയില്‍ തുടരുന്നതിനിടെ ഗംഭീര തിരിച്ചുവരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. തന്റെ യൂട്യൂബ് പേജിലൂടെയാണ് രണ്ടു മാസങ്ങള്‍ക്ക് ശേഷം പുതിയ വിഡിയോയുമായി മഹേഷ് കുഞ്ഞുമോന്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുന്നത്.
നിലവിലെ ആരോഗ്യ സ്ഥിതിയും മറ്റു കാര്യങ്ങളും പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍ മഹേഷ് കുഞ്ഞുമോന്‍ താന്‍ അപകടത്തില്‍പെട്ട് കിടന്ന സമയത്ത് ചുറ്റിലും നടന്ന എല്ലാ വിവാദങ്ങളെയും മറ്റ് സംഭവങ്ങളെയും കോര്‍ത്തിണക്കിയാണ് പുതിയ വീഡിയോ ചെയ്തിരിക്കുന്നത്. വിനായകന്റെ ശബ്ദവും, ബാലയുടെയും, ആറാട്ടണ്ണന്റെയും ശബ്ദവും അനുകരിക്കുന്ന മഹേഷ് കുഞ്ഞുമോന്‍ ഒരപകടത്തിനും തന്നെ തകര്‍ക്കാന്‍ കഴിയില്ല എന്ന ആത്മവിശ്വാസമാണ് വീഡിയോ കാണുന്ന ഓരോ പ്രേക്ഷകര്‍ക്കും നല്‍കുന്നത്.
ജയിലര്‍ സിനിമയുടെ സ്പൂഫ് വിഡിയോയുമായാണ് മഹേഷ് തിരിച്ചെത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലില്‍ പങ്കുവച്ച് വിഡിയോ മിനിറ്റുകള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു മാസമായി വീട്ടില്‍ തന്നെയാണെന്നും കുറേനാളുകള്‍ക്കുശേഷമാണ് വിഡിയോയുമായി വരുന്നതെന്നും ‘മഹേഷ് മിമിക്‌സ്’ എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ മഹേഷ് പറഞ്ഞു. പരിപാടിയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകളുണ്ട്. അതിനുമുന്‍പ് ഒരു വിഡിയോയുമായി വരാമെന്നു കരുതിയതാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പഴയ ഐറ്റങ്ങളെല്ലാം വെറുതെ ചെയ്തുനോക്കാറുണ്ടായിരുന്നുവെന്നും മഹേഷ് വെളിപ്പെടുത്തി. പതുക്കെ ആരോഗ്യം തിരിച്ചെടുത്തുകൊണ്ടിരിക്കുകയാണെന്ന സന്തോഷവും അദ്ദേഹം വിഡിയോയില്‍ പങ്കുവച്ചു. എല്ലാവര്‍ക്കും ഓണാശംസയും നേര്‍ന്നു. ഇത്തവണ ജയിലര്‍ സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട് വിനായകന്‍, ബാല, സന്തോഷ് വര്‍ക്കി എന്നിവരെ വച്ചുള്ള സ്പൂഫുമായാണ് മഹേഷ് എത്തിയിട്ടുള്ളത്.
ഇതാണു യഥാര്‍ത്ഥ തിരിച്ചുവരവെന്നാണു പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. മഹേഷിന്റെ കഴിവിനെ ഒരു അപകടത്തിനും കൊണ്ടുപോകാന്‍ കഴിയില്ലെന്നും ആരാധകര്‍. മിമിക്രിയില്‍ എതിരാളികളില്ലാത്ത രാജാവാണ് മഹേഷ്. ഈ തിരിച്ചുവരവ് കേരളമൊന്നടങ്കം സന്തോഷത്തോടെയാകും കാണുകയെന്നും പ്രതികരണങ്ങള്‍ പോകുന്നു.
കഴിഞ്ഞ ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് മഹേഷിനു ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ സീരിയല്‍സിനിമ താരം കൊല്ലം സുധി മരിച്ചിരുന്നു. കോഴിക്കോട് വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ച് നടന്‍ ബിനു അടിമാലിക്കും ഡ്രൈവര്‍ ഉല്ലാസ് അരൂരിനും പരിക്കേറ്റു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





