16
Nov 2024
Thu
16 Nov 2024 Thu
Mammootty Mohan Lal among multi star movie

മമ്മൂട്ടി, മോഹന്‍ ലാല്‍, കുഞ്ചാക്കോബോബന്‍, ഫഹദ്, നയന്‍താര തുടങ്ങിയ വമ്പന്‍ താരനിരയുമായി മഹേഷ് നാരായണന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മലയാളത്തിലെ ചെലവേറിയ സിനിമകളില്‍ ഒന്നാകും നിരവധി രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസര്‍മാരായ സുഭാഷ് ജോര്‍ജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു. താരങ്ങളെല്ലാം ഇതിനകം ശ്രീലങ്കയിലെത്തിക്കഴിഞ്ഞു. ആന്റോ ജോസഫ് നിര്‍മാതാവും സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരാണ്. രാജേഷ് കൃഷ്ണയും സി വി സാരഥയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് , മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധയമായ വേഷം ചെയ്യുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത സിനിമാറ്റോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോ ഡയറക്ടര്‍: ലിനു ആന്റണി, അസോ ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബൂദബി,അസര്‍ബെയ്ജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.