01
Apr 2023
Sat
01 Apr 2023 Sat

കൊൽക്കത്ത: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് പശ്ചിമബംഗാളിൽ പരക്കെ സംഘർഷം. ഉത്തർദിനജ്പൂർ ജില്ലയിലെ ദൽഖോലയിൽ നടന്ന ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. പൊലിസുകാർ അടക്കം നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷത്തിനിടെ ഹൃദയാഘാതംമൂലമാണ് യുവാവ് മരിച്ചതെന്നാണ് പൊലിസ് പറയുന്നത്. സ്ഥലത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചതായി ഇസ്ലാംപൂർ സൂപ്രണ്ട് ബിഷപ്പ് സർക്കാർ പറഞ്ഞു.
ഹൗറയിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുകയാണ്. ഷിബ്പൂരിലും സംഘർഷം റിപ്പോർട്ട്‌ചെയ്തു. രണ്ടിടത്തുമായി 50 ലേറെ പേരെ അറസ്റ്റ്‌ചെയ്തു.
ഹൗറയിൽ വടികളും വാളുകളുമായി രാമനവമി ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ ദൃശ്യങ്ങൾ ഇന്ത്യടുഡേ പുറത്തുവിട്ടു. ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെ പലയിടത്തായി കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
അതേസമയം, ആക്രമണങ്ങൾക്ക് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമബ ബാനർജി ആരോപിച്ചു. അദാനി വിഷയത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനും ശ്രദ്ധ തിരിക്കുന്നതിനുമായി ആഘോഷങ്ങളോടനുബന്ധിച്ച് സംഘർഷമുണ്ടാക്കാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ബി.ജെ.പി ആസൂത്രണം നടത്തിവരികയായിരുന്നു.
കുറ്റവാളികളെ വെറുതെവിടില്ല. പ്രദേശത്തുകാരല്ല സംഘർഷമുണ്ടാക്കിയതെന്ന് ഒറ്റനോട്ടത്തിൽതന്നെ ആർക്കും ബോധ്യമാകുന്ന കാര്യമാണ്. പെട്രോൾ ബോംബുകളും തോക്കുകളുമായി സംഘർഷമുണ്ടാക്കിയവർ ബി.ജെ.പിയുടെ വാടകഗുണ്ടകളായിരുന്നുവെന്നും മമത പറഞ്ഞു. മതപരമായ ആഘോഷങ്ങൾ നടത്തുന്നതിൽനിന്ന് ഒരുസമുദായത്തെയും സർക്കാർ തടയില്ല. ന്യൂനപക്ഷവിഭാഗങ്ങൾ റദമാനിലെ വ്രതാനുഷ്ടാനത്തിൽ വ്യാപൃതരായതിനാൽ അവർ സംഘർഷങ്ങൾക്ക് തുടക്കമിടാൻ സാധ്യതയില്ലെന്നും മമത പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>