22
Apr 2023
Thu
22 Apr 2023 Thu

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാന ലാപ്പിലേക്കെത്തുമ്പോൾ പോരാട്ടം കനക്കുന്നു. നിലവിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആഴ്‌സണലിനെ സിറ്റി തകർത്തുവിട്ടു. കെവിൻ ഡിബ്രൂയിനെ ഇരട്ട ഗോൾ നേടിയപ്പോൾ ജോൺ സ്റ്റോൺസ്, ഏർലിങ് ഹാലന്റ് എന്നിവർ സിറ്റിയുടെ ഗോൾ പട്ടിക തികച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോബ് ഹോൾഡിങിന്റെ വകയായിരുന്നു ആഴ്‌സണലിന്റെ ആശ്വാസഗോൾ. തോറ്റെങ്കിലും 33 കളികളിൽ 75 പോയിന്റുമായി ആഴ്‌സണൽ തന്നെയാണ് പട്ടികയിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. എന്നാൽ ആഴ്‌സണിലിനെക്കാൾ രണ്ട് മത്സരം കുറച്ചു കളിച്ച സിറ്റിക്ക് 31 കളികളിൽ 73 പോയിന്റുണ്ട്. ഇന്നലത്തെ തോൽവിയോടെ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചിൽ നിന്ന് രണ്ടായി കുറഞ്ഞത് രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്‌സണലിന് കനത്ത തിരിച്ചടിയാണ്.

ഏഴാം മിനിറ്റിൽ ഡിബ്രൂയിനെയിലൂടെയാണ് സിറ്റി ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോൺ സ്റ്റോൺസ് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ഡിബ്രൂയിനെ തൻറെ രണ്ടാം ഗോളും നേടി സിറ്റിയുടെ ജയമുറപ്പിച്ചു. 86ാം മിനിറ്റിൽ റോബ് ഹോൾഡിംഗ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും കളി തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കെ ഹാലൻഡിലൂടെ സിറ്റി ആഴ്‌സണലിൻറെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു. ഹാലന്റ് ഈ സീസണിൽ നേടുന്ന 33-ാം ഗോളാണിത്.

അതേസമയം, മറ്റൊരു മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രെന്റ്ഫോർഡ് കീഴടക്കി. ബ്രെന്റ്ഫോർഡിനായി ബ്രയാൻ എംബ്യൂമോ ലക്ഷ്യം കണ്ടപ്പോൾ സീസർ അസ്പിലിക്യുട്ടയുടെ സെൽഫ്ഗോളും ടീമിന് തുണയായി. ചെൽസി പ്രീമിയർ ലീഗിൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാം തോൽവിയാണിത്. കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ടീം വിജയമറിഞ്ഞിട്ടില്ല. ഈ തോൽവിയോടെ ചെൽസി 32 മത്സരങ്ങളിൽ നിന്ന് 39 പോയന്റുമായി 11-ാം സ്ഥാനത്താണ്.

കരുത്തരായ ലിവർപൂൾ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് വെസറ്റ്ഹാമിനെ കീഴടക്കി. ലൂക്കാസ് പക്വെറ്റയിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം ലീഡെടുത്തത്. എന്നാൽ കോഡി ഗ്യാക്പോ, ജോയൽ മാറ്റിപ് എന്നിവരിലൂടെ ലിവർപൂൾ തിരിച്ചടിക്കുകയായിരുന്നു. ഈ വിജയത്തോടെ ലിവർപൂൾ 32 കളികളിൽ നിന്ന് 53 പോയന്റുമായി ആറാമതെത്തി. വെസ്റ്റ്ഹാം 14-ാമതാണ്.