02
Apr 2023
Wed
02 Apr 2023 Wed

ന്യൂഡൽഹി: മീഡിയവൺ ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി. വിലക്ക് ചോദ്യംചെയ്ത് ചാനൽ മാനേജ്മെന്റ് നൽകിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചാണ് ബെഞ്ചിന്റെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞവർഷം ജനുവരിയിലാണ് മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം തടഞ്ഞത്. ചാനലിന്റെ ലൈസൻസ് പുതുക്കാൻ മീഡിയവൺ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വണ്ണിന് കേന്ദ്രം നോട്ടീസ് നൽകുകയായിരുന്നു. അതിന് മീഡിയവൺ മറുപടിയും നൽകി. ഇതിന് ശേഷം യാതൊരു മറുപടിയും നൽകാതെ ലൈസൻസ് റദ്ദ് ചെയ്യുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്. 2021ലെ ഡൽഹി വംശഹത്യയുടെ സമയത്തും മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ചട്ടലംഘനം ആരോപിച്ചായിരുന്നു വിലക്ക്. 48 മണിക്കൂർ നേരത്തേക്കായിരന്നു അന്ന് ചാനൽ സംപ്രേക്ഷണം വിലക്കിയത്. പിന്നീട് പ്രതിഷേധത്തെ തുടർന്ന് വിലക്ക് പിൻവലിച്ചു.