|
കൊച്ചി: സ്വപ്‌ന സുരേഷിന്റെ അവകാശവാദങ്ങൾ തള്ളി സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ എത്തിയെന്ന് ആരോപിക്കപ്പെടുന്ന വിജേഷ് പിള്ള. സ്വപ്‌നയുമായി കണ്ടതും സംസാരിച്ചതും വെബ് സീരീസുമായി ബന്ധപ്പെട്ടാണെന്ന് വിജേഷ് പറഞ്ഞു.’ഒരു വാസ്തവുമില്ലാത്ത കാര്യങ്ങളാണ് എല്ലാം പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ് അവർ പറയുന്നത്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു അവരെ മീറ്റ് ചെയ്തിരുന്നത്. ഷൂട്ടൊ കാര്യങ്ങളൊ ഒന്നുമല്ല, വെബ് സീരീസിന്റെ ഡിസ്‌കഷന് വേണ്ടി മാത്രമായിരുന്നു, ഓപ്പണായിട്ട് ഒരു ഹോട്ടലിന്റെ റെസ്റ്റോറന്റിൽ വച്ചായിരുന്നു കണ്ടത്,’ വിജേഷ് പറഞ്ഞു. മനോരമ ന്യൂസിനോട് ആണ് വിജേഷ് ഇക്കാര്യം പറഞ്ഞത്.
കേസ് ഒത്തുതീർപ്പാക്കുന്നതിനായി കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്ന വ്യക്തി തന്നെ സമീപിച്ചെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വാദം. മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും എതിരെയുള്ള വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞു. എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരമാണ് താൻ വിളിക്കുന്നതെന്ന് വിജേഷ് പറഞ്ഞുവെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതിനോടാണ് വിജേഷ് പ്രതികരിച്ചത്.
‘കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ നൽകാമെന്നൊക്കെ അവർ പറഞ്ഞതിന് എന്ത് മറുപടി നൽകണമെന്ന് എനിക്ക് അറിയില്ല. ഞാൻ അവരെ ഭീഷണിപ്പെടുത്തിയെന്നൊ, രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടാണ് വരുന്നതെന്നൊ, 30 കോടി രൂപ പാർട്ടി തന്നതാണെന്നൊക്കെ പറഞ്ഞെന്ന് പറയുന്നു, തെളിവുണ്ടെങ്കിൽ കാണിക്കട്ടെ,’ വിജേഷ് കൂട്ടിച്ചേർത്തു.’വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് അവർ തയാറായിരുന്നു. അതുകൊണ്ടാണല്ലൊ നേരിട്ട് കണ്ടത്. അവർ ഒക്കെ ആണെന്നും കണ്ടന്റ് ചെയ്യുന്നതിന് താത്പര്യം ഉണ്ടെന്നും പറഞ്ഞിരുന്നു. മീറ്റ് ചെയ്തിട്ട് വെബ് സീരീസിൽ നിന്നുള്ള റെവന്യുവിനെക്കുറിച്ചാണ് സംസാരിച്ചത്. അത് എങ്ങനെ കിട്ടും എന്നതിനെപ്പറ്റി ചർച്ച ചെയ്തു,’ വിജേഷ് വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിനെ കണ്ടിട്ടില്ല. പത്രത്തിലൂടെയും ടിവിയിലുമൊക്കെ കണ്ട പരിചയമല്ലാതെ എനിക്ക് അവരെയൊ അവർക്ക് എന്നെയോ അറിയില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ് ഉണ്ടായിരുന്നു. ഇ. ഡി ഓഫിസിൽ പോയി മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും വിജേഷ് കൂട്ടിച്ചേർത്തു.


