|
ന്യൂഡല്‍ഹി: ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് അവകാശപ്പെട്ടതിന് പിന്നാലെയും 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത് 75 വിമാനങ്ങള്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രം എട്ട് സര്‍വിസുകളാണ് റദ്ദാക്കിയത്.
കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയച്ചു.
പുലര്‍ച്ചെ 5.15ന് ദമാമിലേക്കും രാവിലെ 9.20ന് അബുദാബിയിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. പുറപ്പെടാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്. സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം.
കരിപ്പൂരില്‍ നിന്നുള്ള ആറും കണ്ണൂരില്‍ നിന്നുള്ള അഞ്ചും നെടുമ്പാശേരിയില്‍ നിന്ന് രണ്ടും സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിരുന്നു.
നാളെയോടെ പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയിലാക്കാന്‍ കഴിയുമെന്ന് എയര്‍ഇന്ത്യ എക്പ്രസ് വാക്താവ് അറിയിച്ചു. എയര്‍ ഹോസ്റ്റസുമാരുള്‍പ്പെടെയുള്ള സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ ചൊവ്വാഴ്ച രാത്രി മുതലാണ് സമരം തുടങ്ങിയത്. വ്യാഴാഴ്ച തന്നെ ചര്‍ച്ചയിലൂടെ സമരം ഒത്തുതീര്‍ന്നെങ്കിലും ഇതുവരെയായി 250 ഓളം സര്‍വിസുകളാണ് റദ്ദാക്കിയത്. ഇന്നും 50 സര്‍വിസുകളെങ്കിലും റദ്ദാക്കപ്പെടുമെന്നാണ് സൂചന.
വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും മറ്റുമായി കമ്പനിക്ക് 30 കോടി രൂപയുടെ അധികബാധ്യതയുണ്ടായതാണ് റിപ്പോര്‍ട്ട്.





