പ്രളയത്തെ തുടർന്ന് വീടൊഴിഞ്ഞുമാറാണ്ടിവന്ന കുടുംബങ്ങൾക്ക് 10.83 ലക്ഷം രൂപ(50000 ദിർഹം)നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. പ്രളയത്തിൽ വീടുപേക്ഷിച്ച് ഹോട്ടലുകളിലും മറ്റ് താൽക്കാലിക ഇടങ്ങളിലും അഭയം പ്രാപിച്ച കുടുംബങ്ങൾക്ക് അമ്പതിനായിരം ദിർഹം വീതം നഷ്ടപരിഹാരം കൈമാറാൻ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിടുകയായിരുന്നു.
|
പ്രളയജലമൊഴിഞ്ഞ വീടുകളിലേക്ക് എളുപ്പത്തിൽ മടങ്ങിവരാൻ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം സഹായകമാവുമെന്ന് വിലയിരുത്തിയാണ് നടപടി. 65 കുടുംബങ്ങൾക്കാണ് ഷാർജ ഭരണാധികാരിയുടെ ഉത്തരവിലൂടെ ധനസഹായം ലഭിക്കുക.
പതിറ്റാണ്ടുകൾക്കിടെയുണ്ടായ ഏറ്റവും ശക്തമായ മഴയെ തുടർന്ന് യുഎഇയുടെ വടക്കുകിഴക്കൻ മേഖലകളിൽ പ്രളയമുണ്ടായിരുന്നു. ഷാർജയിലും ഫുജൈറയിലുമായി പ്രളയത്തിൽ കുടുങ്ങിയ 870 പേരെയാണ് അധികൃതർ രക്ഷിച്ചത്. വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന് 150 പേരെയും രക്ഷിച്ചു. ഏഷ്യക്കാരായ ഏഴുപേർ പ്രളയത്തിൽ മരിക്കുകയും ചെയ്തിരുന്നു.



