മാനസിക വെല്ലുവിളി നേരിടുന്ന അമ്മ 9 വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു. നിലമ്പൂര്‍ ചുങ്കത്തറ കൈപ്പിനി കവല പാര്‍ട്ടിക്കുന്നിലാണ് സംഭവം. 35 റിങ്ങുകളുള്ള കിണറ്റിലേക്കാണ് അമ്മ കുട്ടിയെ എറിഞ്ഞത്. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഭര്‍ത്താവുമായി ഉണ്ടായ വഴിക്കിനൊടുവിലാണ് അമ്മ മകളെ കിണറ്റിലേക്ക് തള്ളിയിട്ടത്.
|
മീന്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് മകളെ കിണറ്റിനരികിലേക്കു കൂട്ടിക്കൊണ്ടുപോവുകയും പെട്ടെന്ന് കിണറ്റിലേക്ക് തള്ളുകയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സംഭവം നേരിട്ട് കണ്ട അയല്‍വാസികള്‍ നിമിഷങ്ങള്‍ക്കകം കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി ഈ കോണിയില്‍ പിടിച്ച് കിടന്നു. തൊട്ടുപിന്നാലെ ബന്ധുവായ ഒരാള്‍ കിണറ്റിലിറങ്ങി കുട്ടിയെ ചേര്‍ത്തുപിടിച്ച് മോട്ടോര്‍ പൈപ്പില്‍ താങ്ങിനിര്‍ത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തക്ക സമയത്തെ ഇടപെടലിലൂടെ കുട്ടിയെയും കിണറ്റിലിറങ്ങിയ ബന്ധുവിനെയും സുരക്ഷിതമായി പുറത്തെടുത്തു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. പോത്തുകല്ല് പോലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അമ്മയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കോടതി കോഴിക്കോട് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.


