25
Jan 2026
Sun
25 Jan 2026 Sun
nanaji deshmukh mp

ജബല്‍പൂര്‍: ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും കാന്‍സര്‍ മരുന്ന് കണ്ടുപിടിക്കുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ അടിച്ചു മാറ്റി യൂണിവേഴ്‌സിറ്റി. ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്സിറ്റിയിലാണ് ഞെട്ടിക്കുന്ന അഴിമതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചഗവ്യ ഗവേഷണ പദ്ധതി പ്രകാരം പാലും ചാണകവും ഉള്‍പ്പെടെയുള്ള പശുവില്‍ നിന്നെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കാന്‍സറിനെ പ്രതിരോധിക്കുന്നതിന് മരുന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ ഫണ്ട് കാറുകള്‍ വാങ്ങാനും വിമാനയാത്രകള്‍ക്കും അമിതവിലയുള്ള യന്ത്രങ്ങള്‍ വാങ്ങാനുമായി ധൂര്‍ത്തടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഗവേഷണ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ രാഘവേന്ദ്ര സിംഗ് ഉത്തരവിട്ട അന്വേഷണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അഡീഷണല്‍ കളക്ടര്‍ ആര്‍.എസ്. മരാവിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

‘രേഖകളുടെ പ്രാഥമിക പരിശോധനയില്‍, ഗവേഷണത്തിനായി നീക്കിവെച്ച പണം പദ്ധതിയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കായി ചിലവഴിച്ചതായി കണ്ടെത്തി,’ മരാവി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ALSO READ: മികച്ച ലാഭം വാഗ്ദാനം ചെയ്ത് ബംഗളുരുവില്‍ നിന്ന് കോടികള്‍ തട്ടി മലയാളി ദമ്പതികള്‍ മുങ്ങി

ഗവേഷണവുമായി ബന്ധപ്പെട്ട യാത്രകളൊന്നും നടത്തിയതായി തെളിവില്ല. എന്നാല്‍, വിമാനയാത്രയ്ക്കായി ഏകദേശം 3 ലക്ഷം രൂപ ചിലവഴിച്ചതായാണ് കണക്ക്. കൂടാതെ ഗവേഷണ ഫണ്ടുപയോഗിച്ച് ഒരു കാര്‍ വാങ്ങുകയും അതിന്റെ അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനത്തിനുമായി ഏകദേശം 15 ലക്ഷം രൂപ ചിലവഴിക്കുകയും ചെയ്തുവെന്ന് മരാവി വ്യക്തമാക്കി.

വിപണി വിലയേക്കാള്‍ പലമടങ്ങ് ഉയര്‍ന്ന നിരക്കില്‍ സാധന സാമഗ്രികളും യന്ത്രങ്ങളും വാങ്ങിയ വകയില്‍ ഏകദേശം 1.75 കോടി രൂപ ചിലവഴിച്ചതായും സമിതി കണ്ടെത്തി. ‘ഏകദേശം 15 ലക്ഷം രൂപ ഫര്‍ണിച്ചറുകള്‍ക്കും ഇലക്ട്രോണിക് സാധനങ്ങള്‍ക്കുമായും, 5 ലക്ഷം രൂപ മറ്റ് വിവിധ ആവശ്യങ്ങള്‍ക്കുമായും ഗവേഷണ ഫണ്ടില്‍ നിന്ന് വകമാറ്റി,’ മരാവി കൂട്ടിച്ചേര്‍ത്തു. അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ന്നുള്ള നടപടികള്‍ ഭരണതലത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാണകം, ഗോമൂത്രം, പാല്‍ എന്നിവ ഉപയോഗിച്ച് കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി 2011-ലാണ് സംസ്ഥാന സര്‍ക്കാര്‍ 3.5 കോടി രൂപ അനുവദിച്ചുകൊണ്ട് പഞ്ചഗവ്യ പദ്ധതിക്ക് തുടക്കമിട്ടത്.

എന്നാല്‍, ഗവേഷണ പരിപാടി 2018-ല്‍ അവസാനിച്ചുവെന്നും സാങ്കേതികവും സാമ്പത്തികവുമായ രേഖകള്‍ അക്കാലത്ത് അംഗീകരിക്കപ്പെട്ടതാണെന്നുമാണ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മന്‍ദീപ് ശര്‍മ്മ അവകാശപ്പെടുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷം ഔദ്യോഗികമായി വിവരം പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.