ജിദ്ദ: ദുബൈ അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍ റിയാദില്‍ നിന്നുള്ള മലയാളി ഭാഷാ പണ്ഡിതനായ മുഹമ്മദ് ആര്യന്‍തൊടിക പ്രബന്ധം അവതരിപ്പിക്കും. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് അറബിക് ലാംഗേജ് ഒക്ടോബര്‍ 22 മുതല്‍ 24 വരെ ദുബൈ മൂവ് ന്‍ പിക് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത്
അന്താരാഷ്ട്ര അറബി ഭാഷാ കോണ്‍ഫറന്‍സില്‍, ‘അറബി ഭാഷയുടെ സ്വാധീനം മറ്റു ഭാഷകളില്‍’ എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
|
85 രാജ്യങ്ങളില്‍ നിന്നായി 2100 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍, 95 സെഷനുകളിലായി അറബി ഭാഷയുടെ വിവിധ വിഷയങ്ങളില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറബി ഭാഷാ വിദഗ്ധര്‍ പ്രബന്ധം അവതരിപ്പിക്കും. റിയാദില്‍ അഗ്രികള്‍ച്ചറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ആര്യന്‍തൊടിക, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും മേപ്പയൂര്‍ സലഫി ടീച്ചര്‍ എജുക്കേഷനില്‍ നിന്ന് ബി.എഡും പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. 2020 മുതല്‍ യുനെസ്‌കോ യുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് അറബിക് ലാംഗ്വേജ് മെംബറാണ്. 2023 മുതല്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മുഹമ്മദ് ആര്യന്‍തൊടിക പങ്കെടുക്കുന്നത്.


