01
Feb 2024
Fri
01 Feb 2024 Fri

മുംബൈ: സ്ഥിരമായി മൊബൈല്‍ പോണില്‍ പോണ്‍ (അശ്ലീല) വീഡിയോകള്‍ കാണുകയും പിന്നീട് സമീപത്തെ സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സോലാപുരില്‍ ജനുവരി 13ന് നടന്ന സംഭവത്തിലാണ് വിജയ് ഭാട്ടു എന്നയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ജനുവരി 13ന് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകന്‍ വിശാലിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. വിഷം ഉള്ളില്‍ ചെന്നാണു കുട്ടി മരിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് സംശയങ്ങളുടെ തുടക്കം.

തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. വിശാല്‍ പഠനത്തില്‍ വളരെ പിന്നോട്ടായിരുന്നു. തുടര്‍ന്ന് പിതാവ് നടത്തിയ അന്വേഷണത്തില്‍ മകന്‍ ഭൂരിഭാഗം സമയവും ഫോണില്‍ ചിലവഴിക്കുന്നതായി കണ്ടെത്തി. ഇതിനിടെ മകന്‍ സമീപത്തെ സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നുവെന്നും വ്യക്തമായി. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ മാതാപിതാക്കള്‍ വിശാലിനോടു നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവന്‍ ഇതിനൊന്നും തയ്യാറായില്ല. പിന്നീട് സ്‌കൂളില്‍ നിന്നുള്ള പരാതികളുടെ എണ്ണം ഉയരാന്‍ തുടങ്ങി. മകന്റെ പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും സഹികെട്ട വിജയ് ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തില്‍ തുല്‍ജാപുര്‍ റോഡിലുള്ള മാര്‍ക്കറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയി.

ഇവിടെ തന്നേയുള്ള ഒരു കടയില്‍ നിന്ന് ശീതളപാനീയം വാങ്ങുകയും കൈയ്യില്‍ കരുതിയിരുന്ന വിഷം പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നും പോലീസ് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നയുടനെ വിശാല്‍ കുഴഞ്ഞു തുടങ്ങി. വരുന്ന വഴിയില്‍ വീണ മകനെ കാട്ടിലേക്ക് തള്ളിയിട്ട ശേഷം വിജയ് തിരികെ വീട്ടിലേക്കും പോയി. തുടര്‍ന്ന് അന്ന് വൈകിട്ടു തന്നെ വിജയ്യും ഭാര്യയും കൂടി പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി.