കാല്‍ന (കിഴക്കന്‍ ബര്‍ദ്ധമാന്‍): പശ്ചിമ ബംഗാളില്‍ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന രഥത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറി റീല്‍ ചിത്രീകരിച്ച മുസ്ലിം യുവാവിന് വിചിത്രമായ ശിക്ഷ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ യുവാവിനാണ് കോടതി വേറിട്ട ജാമ്യ വ്യവസ്ഥ നല്‍കിയത്. അടുത്ത ഏഴ് ദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ രഥത്തിന്റെ പടികള്‍ കഴുകി വൃത്തിയാക്കണമെന്ന നിബന്ധനയിലാണ് കിഴക്കന്‍ ബര്‍ദ്ധമാനിലെ കാല്‍ന അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.
|
സമീദ്രഗഡ് സ്വദേശിയായ ബാബുലാല്‍ ഷെയ്ഖ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. ഹൈന്ദവ ആചാരമായ ‘ഉള്‍ട്ടോ രഥയാത്ര’ക്ക് ശേഷം എസ്.ടി.കെ.കെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന രഥത്തിന്റെ പടികളില്‍ ചെരുപ്പിട്ട് നൃത്തം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ റീലാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പശ്ചിമ നസ്രത്ത്പൂര്‍ ഹരേകൃഷ്ണ നാമഹട്ട സംഘം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ഘട്ട് പോലീസാണ് ഞായറാഴ്ച രാത്രി യുവാവിനെ കസ്റ്റഡിയിലെടുത്തത്.
വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍, സംഭവത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും യുവാവ് പരസ്യമായി മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം, കോടതിയുടെ ജാമ്യവ്യവസ്ഥ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ക്രമസമാധാന തടസ്സങ്ങളൊന്നുമില്ലാതെ ഉത്തരവ് നടപ്പിലാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കിഴക്കന്‍ ബര്‍ദ്ധമാന്‍ ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
West Bengal News, Kalna Court, Babulal Sheikh, Ulto Rath Yatra, Reel On Rath, Legal News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





