15
Jun 2024
Tue
15 Jun 2024 Tue
moulana farooq murder

ലഖ്‌നോ: ഉത്തര്‍പ്രദേശ് പ്രതാപ്ഗഡിലെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഫാറൂഖിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി മകന്‍. 9 ‘My Father Was Killed by a Man He Used to Help’: Son of Pratapgarh Maulana )പ്രധാന പ്രതി ചന്ദ്രമണി തിവാരി അയല്‍വാസിയും പിതാവില്‍ നിന്ന് സ്ഥിരമായി സഹായം സ്വീകരിച്ചു കൊണ്ടിരുന്നയാളുമാണെന്ന് മൗലാന ഫാറൂഖിന്റെ മകന്‍ മുഫ്തി മാമൂന്‍ പറഞ്ഞു.

”പ്രതിയുമായി ഇതുവരെ യാതൊരു തര്‍ക്കവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അയാള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. കഴിഞ്ഞ റമദാനില്‍ ഉള്‍പ്പെടെ അയാള്‍ വന്ന് സഹായം ചോദിക്കുകയും അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ നല്‍കുകയും ചെയ്തിരുന്നു”.

ശനിയാഴ്ച്ച രാവിലെ തിവാരി മൗലാന ഫാറൂഖിനെ വിളിച്ച് കാണണമെന്ന് പറഞ്ഞു. പിതാവില്‍ നിന്ന് സ്ഥിരമായി സഹായം സ്വീകരിക്കുന്ന ആളായതിനാല്‍ സംശയമൊന്നും തോന്നിയില്ല. പിതാവ് ഫാറൂഖ് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. തിവാരി അദ്ദഹേത്തോട് ഞങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ഭൂമി വിഭജിക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചു. ആ ഭൂമി ഒരിക്കലും ഒരു തര്‍ക്ക വസ്തുവായിരുന്നില്ലെന്ന് മാമൂന്‍ വിശദീകരിച്ചു.

അടുത്ത നിമിഷം പ്രതി മൗലാന ഫാറൂഖിന്റെ തലയില്‍ മഴു കൊണ്ടും ഇരുമ്പ് വടി കൊണ്ടും അടിച്ചു കൊലപ്പെടുത്തി. തലയില്‍ നിന്ന് രക്തം കുതിച്ചൊഴുകുന്നുണ്ടായിരുന്നു. എന്താണ് അയാളെ ഇത്ര ക്രൂരമായി പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

എല്ലായ്‌പ്പോഴും തിവാരി ഈ ഭൂമി വിഭജിക്കുന്നതിനെ കുറിച്ച് സംസാരിക്കാനാണെന്ന വ്യാജേനയാണ് ഫാറുഖിന്റെ അടുത്ത് വരിക. തുടര്‍ന്ന് എന്തെങ്കിലും സഹായം ആവശ്യപ്പെടുകയും പിതാവ് അത് നല്‍കുകയും ചെയ്യും.

13,500 ചതുരശ്ര അടി വരുന്ന പ്രസ്തുത ഭൂമി 10 വര്‍ഷം മുമ്പ് മൗലാന ഫാറൂഖിന്റ കുടുംബം വാങ്ങിയതാണ്. എന്നാല്‍, അവിടെ കൃഷി ചെയ്യാനും മറ്റും തിവാരിക്ക് മൗനാനുവാദം നല്‍കുകയായിരുന്നു. ദരിദ്ര ചുറ്റുപാടിലുള്ള അയാള്‍ക്ക് ഒരു സഹായമാകും എന്ന നിലയിലാണ് അത് ചെയ്തത്. ഇതിന് പുറമേ ദിവസ കൂലിക്കാരനായ തിവാരി മൗലാന ഫാറുഖില്‍ നിന്ന് 8 ലക്ഷം രൂപ കടം വാങ്ങുകയും ചെയ്തിരുന്നു. തിവാരിയുടെ സാമ്പത്തിക സ്ഥിതി അറിയുന്നതിനാല്‍ പണം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്ന് മൗലാന ഫാറൂഖ് പറഞ്ഞിരുന്നുവെന്നും മാമൂന്‍ വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ വര്‍ഗീയമായ കാരണമില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മാമൂന്‍ പറഞ്ഞു. ചില ആളുകള്‍ അങ്ങിനെ പറയുന്നുണ്ട്. എന്നാല്‍, ഞാന്‍ അങ്ങിനെ കരുതുന്നില്ല. മാറ്റാരെങ്കിലും പറഞ്ഞിട്ടാണോ പ്രതി പിതാവിനെ കൊന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഇപ്പോഴും അറിയില്ലെന്നും മുഫ്തി മാമൂന്‍ വ്യക്തമാക്കി.

സംഭവം സ്വത്ത് തര്‍ക്കമോ വര്‍ഗീയതയോ അല്ലെന്ന് പ്രതാപ്ഗഡ് എസ്എച്ച്ഒ ധര്‍മേന്ദ്ര സിങ് പറഞ്ഞു. താന്‍ കുറച്ച് പണം നല്‍കിയിരുന്നുവെന്നും അത് തിരിച്ചു ചോദിക്കാനാണ് മൗലാന ഫാറൂഖിനെ സമീപിച്ചതെന്നുമാണ് പ്രതി അവകാശപ്പെടുന്നതെന്ന് പോലീസ് വിശദീകരിച്ചു.

കൊലപാതകത്തില്‍ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതില്‍ ദേവി പ്രസാദ് എന്നയാളും തിവാരിയുടെ ഭാര്യ സീതയും അറസ്റ്റിലായിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.