ഇർഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിച്ചു. ഒമര്‍ ലുലു തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും ഒമർ ലുലു പറഞ്ഞു.
|
സിനിമയുടെ ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിനെതിരേ ലഭിച്ച പരാതിയിൽ എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, NDPS നിയമങ്ങള്‍ പ്രകാരം കേസ് എടുത്തിരുന്നു. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ്’നല്ല സമയം’ തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.
ചിത്രത്തിന്റെ പ്രദർശനശേഷം ഇതിലെ അഭിനേത്രി മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമർശം ഓൺലൈൻ ചാനലുകളോട് നടത്തിയിരുന്നു. തന്റെ കൂട്ടുകാർ എം ഉപയോഗിക്കുന്നവരാണെന്ന് ഇവർ എംഡിഎംഎയെ ചുരുക്കപ്പേര് വിളിച്ച് പറയുകയുണ്ടായി. താൻ എം ഉപയോഗിക്കുമോ എന്ന കാര്യം കാമറയ്ക്കു മുന്നിൽ പറയണമോ എന്നും നടി ചോദിച്ചിരുന്നു. ഇതു വിവാദമായിരുന്നു.



