28
May 2024
Thu
28 May 2024 Thu
covid vaccine certificate

ന്യൂഡല്‍ഹി: ഏത് സര്‍ക്കാര്‍ പദ്ധതിയിലും സ്ഥാനത്തും അസ്ഥാനത്തും സ്വന്തം ഫോട്ടോ തിരുകി കയറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനം മാറ്റം!. രാജ്യത്ത് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തു. ( narendra-modis-photo-removed-from-covid-vaccine-certificates )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവിഷീല്‍ഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വ ഫലങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് ഫോട്ടോ നീക്കാനുള്ള തീരുമാനം. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കൊവിഷീല്‍ഡ് വാക്‌സിനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്ന്് നിര്‍മാതാക്കളായ ആസ്ട്രസെനെക കഴിഞ്ഞ ദിവസം ബ്രിട്ടനിലെ കോടതിയെ അറിയിച്ചിരുന്നു. ഈ വാക്‌സിന്‍ ഇന്ത്യയിലും വലിയ തോതില്‍ വിതരണം ചെയ്തിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റുകളില്‍ മോദി ചിത്രം അപ്രത്യക്ഷമായത്. നേരത്തേ വലിയ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.

എമിഗ്രേഷന്‍ ചെക്കിങിനിടെ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ഫോട്ടോ വന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചതായി പല വിദേശ യാത്രക്കാരും പരാതിപ്പെട്ടിരുന്നു. സുരക്ഷാ പരിശോധകര്‍ യാത്രക്കാരന്റെ ഫോട്ടോ ആണെന്ന് തെറ്റിദ്ധരിച്ചതായിരുന്നു കാരണം.

അതേസമയം, മുമ്പും സമാനമായ രീതിയില്‍ മോദിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കം ചെയ്തതായി പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി. 2022ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വേളയില്‍ മോദി ചിത്രം ഒഴിവാക്കിയതായാണ് പറയുന്നത്.