05
Apr 2023
Thu
05 Apr 2023 Thu

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാകാലത്ത് അഹമ്മദാബാദിലെ നരോദാഗാമില്‍ 11 മുസ് ലിംകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 68 പേരെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ബിജെപി നേതാവ് മായാ കോട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുപ്രിംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച കേസില്‍ ആകെ 86 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ വിചാരണക്കാലത്ത് മരിച്ചു.
പ്രോസിക്യൂഷന്‍ 187 സാക്ഷികളെയും ഡിഫന്‍സ് ഭാഗം 57 സാക്ഷികളെയുമാമ് കേസില്‍ വിസ്തരിച്ചത്. 2010ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 13 വര്‍ഷത്തിനിടെ ആറു ജഡ്ജിമാരാണ് മാറി മാറിവന്നത്.

ഡിഫന്‍സ് ഭാഗം സാക്ഷിയായി ആഭ്യന്തരമന്ത്രി അമിത് ഷാ 2017ല്‍ കോടതിയിലെത്തി. മായാ കോട്‌നാനിക്ക് അനുകൂലമായി സാക്ഷി പറയാനാണ് അമിത് കോടതിയിലെത്തിയത്. 2002ലെ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു മായാ കോട്‌നാനി. ഗുജറാത്തിലെ ഗോദ്രയില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിലെ ബോഗിയിലുണ്ടായ അഗ്നിബാധയില്‍ ഹൈന്ദവ വിശ്വാസികള്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഒമ്പതോളം വലിയ കലാപങ്ങളാണ് മുസ് ലിംകള്‍ക്കെതിരേ 2002ല്‍ നടന്നത്. അതിലൊന്നായിരുന്നു നരോദാ ഗാമില്‍ നടന്നത്. കലാപവുമായി ബന്ധപ്പെട്ട് ബാബു ബജ്‌റംഗിയും ജയ്ദീപ് പട്ടേലും തെഹല്‍ക മാഗസിന്‍ നടത്തിയ സ്റ്റിങ് ഓപറേഷനില്‍ കലാപകാര്യങ്ങള്‍ തുറന്നുപറയുക പോലും ചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രതികളെയെല്ലാം ഇപ്പോള്‍ വെറുതെവിട്ടിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക