01
Apr 2023
Sun
01 Apr 2023 Sun

ഷാര്‍ജ: പെരുന്നാള്‍ ആഘോഷത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാസര്‍കോട് നീലേശ്വരം സ്വദേശി മരിച്ചു. യു.എ.ഇയിലെ ഖോര്‍ഫക്കാനിലാണ് ബോട്ട് മറഞ്ഞത്. വാഴവളപ്പില്‍ വിജയന്റെയും ശ്യാമളയുടെയും മകന്‍ അഭിലാഷ് (38) ആണ് മരിച്ചത്. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്. പുതുതായി പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് നാട്ടില്‍ പോവാനിരിക്കെയാണ് അഭിലാഷിന്റെ ദാരുണമരണം. ഭാര്യ: അശ്വതി, മകള്‍: അഭയ. സഹോദരന്‍ അജീഷ് ബഹ്റൈനില്‍ ആണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ തിരുവനന്തപുരം സ്വദേശിയായ ഒരു കുട്ടിയടക്കം മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലഗുരുതരമാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോര്‍ഫക്കാനിലെത്തിയപ്പോഴാണ് അപകടം.

16 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് അപകടസമയം ബോട്ടില്‍ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്.

കരയില്‍നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ അമിതവേഗതയിലും ഭാരത്താലും ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവറാണ് ഷൗക്കത്ത്.

അഭിലാഷിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.