ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ആദ്യ സമ്മേളനം നടക്കാനിരിക്കെ സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്‍റ്, ക്രീം ജാക്കറ്റ് എന്നിവയാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. രാജ്യസഭ, ലോക്സഭ സ്റ്റാഫുകൾക്ക് ഒരേ യൂണിഫോമായിരിക്കും.
|
പാർലമെന്‍റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂണിഫോം നൽകിയിട്ടുണ്ട്. പുതിയ യൂനിഫോമിൽ ഇരു സഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്‍ററി റിപ്പോർട്ടിങ് വിഭാഗങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടു കൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്.
എല്ലാ വനിതാ ഓഫീസർമാർക്കും പുതിയ ഡിസൈനിലുള്ള സാരികൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പാർലമെന്‍റ് സുരക്ഷാ ചുമതലയുള്ള ഓഫിസർമാർ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം.
സെപ്തംബർ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂണിഫോം കൈപ്പറ്റാൻ നിർദേശം നൽകിയിരുന്നു. സെപ്തംബർ 19ന് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാമെന്നാണ് സൂചന.





