കൊല്ലം: സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലത്ത് നവവധുവിന് ക്രൂരമർദനമേറ്റതായി പരാതി. പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിനാണ് ഭർതൃവീട്ടിൽനിന്ന് ഗുരുതരമായ പീഡനം നേരിടേണ്ടിവന്നത്. ശരീരമാസകലം മർദനത്തിന്റെ പാടുകളുള്ള യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശി ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഭർത്താവ് പ്രഷർ കുക്കർ, ലാപ്ടോപ് ചാർജർ, ബെൽറ്റ്, അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നാണ് യുവതിയുടെ പരാതി. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് നന്ദു വിദേശത്തേക്ക് പോയി.
സൗദിയിലെത്തിയ ശേഷവും ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു. ഇതേത്തുടർന്ന് അഞ്ജു സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭർതൃവീട്ടുകാർ വീണ്ടും തിരികെ കൊണ്ടുപോയി.
പിന്നീട് സൗദിയിലെത്തിച്ച അഞ്ജുവിനെ അവിടെവച്ച് നിരന്തരം മർദിച്ചെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റ യുവതി സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം തുടരുകയാണ്.
ALSO READ:ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; 20 വർഷം പഴയ ഫയലുകൾ വീണ്ടും പരിശോധിക്കും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






