22
Aug 2023
Thu
22 Aug 2023 Thu

നെയ്മര്‍ ഇന്ത്യയില്‍ കളിക്കും; മുംബൈ സിറ്റിക്കെതിരെ അല്‍ ഹിലാലിന് വേണ്ടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടാന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഇന്ത്യയിലെത്തും. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നെയ്മറിന്റെ പുതിയ ക്ലബ്ബായ സൗദിയിലെ അല്‍ ഹിലാലും മുംബൈ സിറ്റി എഫ്‌സിയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് താരം ഇന്ത്യയിലെത്തുമെന്ന് ഉറപ്പായത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ നെയ്മറോ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. സൂപ്പര്‍ താരങ്ങളില്‍ ആരാവും എത്തുക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഈ കാത്തിരിപ്പിന് കൂടിയാണ് വിരാമമായിരിക്കുന്നത്. റൊണാള്‍ഡോ വരില്ല പകരം സുല്‍ത്താന്‍ ഇന്ത്യയിലെത്തും. ആദ്യമാണ് നെയ്മര്‍ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്.

പൂനെയിലെ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ഫുട്‌ബോള്‍ അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ പരിമിതമായതിനാലാണ് വേദി പൂനെയിലേക്ക് മാറ്റാന്‍ കാരണമെന്നും മുംബൈ സിറ്റി വ്യക്തമാക്കി.

2022 ഡിസംബറില്‍ ഗോവയില്‍ നടന്ന റെഡ് ബുള്‍ നെയ്മര്‍ ജൂനിയേഴ്‌സ് ഫൈവ് വേള്‍ഡ് ഫൈനല്‍ മത്സരത്തിനാണ് നെയ്മര്‍ അവസാനമായി ഇന്ത്യയില്‍ എത്തിയത്. മുംബൈ സിറ്റിക്കും അല്‍ ഹിലാലിനും ഒപ്പം ഇറാന്റെ എഫ്‌സി നസാജി മസന്ദരനും ഉസ്‌ബെക്കിസ്ഥാന്‍ ക്ലബ് നവബഹോറും ഗ്രൂപ്പ് ഡിയില്‍ ഇടം നേടിയിട്ടുണ്ട്.