പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ യുഎപിഎ ചുമത്തി നടത്തുന്ന അന്വേഷണം യുഎപിഎയുടെ പരിധിയിൽ വരുമെന്ന് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). എൻഐഎ അന്വേഷണത്തിനെതിരെ പോപുലർ ഫ്രണ്ട് മുൻ നേതാവ് കരമന അഷ്റഫ് മൗലവി നൽകിയ ഹരജിയിലാണ് എൻഐഎ ഐജി സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽചെയ്തത്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎപിഎയുടെ പരിധിയിൽവരുമെന്നും കരമന അഷ്റഫ് മൗലവിയുടെ ഹരജി തള്ളണമെന്നും എൻഐഎ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.
|
ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപുലർ ഫ്രണ്ടിന്റെ രീതിയെന്നും എൻഐഎ സത്യവാങ്മൂലത്തിൽ പറയുന്നു. ഇങ്ങനെ തടസം നിൽക്കുന്നവരുടെ പട്ടിക പോപുലർ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ആ പട്ടികയിലെ ഒരാൾ മാത്രമാണ് കൊല്ലപ്പെട്ട ശ്രീനിവാസനെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായ എ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്ന് പോലീസിന്റെ കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.
അതേസമയം പാലക്കാട് ശ്രീനിവാസൻ കൊലപാതക കേസിലെ 9 പ്രതികൾക്കും നിരോധനത്തിനു മുന്നോടിയായി പിടികൂടിയ 8 പേരുമടക്കം 17 പിഎഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ഈ മാസമാദ്യം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളായ കരമന അഷറ്ഫ് മൗലവി, റൗഫ്, അബ്ദുൽ സത്താർ, യഹിയ തങ്ങൾ തുടങ്ങിയവർക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





