‘നാലുമാസം ഉള്ളി കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല’: ഉള്ളിവിലയെ ന്യായീകരിച്ച് മഹാരാഷ്ട്ര മന്ത്രി
|
ന്യൂഡല്‍ഹി: സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉള്ളി വിലയെ ന്യായീകരിച്ച് മഹാരാഷ്ട്രയിലെ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) മന്ത്രി ദാദാ ഭൂസെ. രണ്ടോ മൂന്നോ മാസം ജനങ്ങള്‍ സവാള കഴിച്ചില്ലെന്ന് കരുതി പ്രശ്‌നമൊന്നുമില്ലെന്ന് ദാദാ ഭൂസെ പറഞ്ഞു. കയറ്റുമതി തീരുവ ചുമത്താനുള്ള തീരുമാനം കൃത്യമായ ഏകോപനത്തോടെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 19 നാണ് കേന്ദ്രസര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയത്. വില വര്‍ധന സൂചനകളും വരാനിരിക്കുന്ന ഉത്സവ സീസണും കണക്കിലെടുത്ത്, സവാളയുടെ ആഭ്യന്തര ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായാണ് കസ്റ്റംസ് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം സവാളയ്ക്ക് ആദ്യമായി കയറ്റുമതി തീരുവ ചുമത്തിയത്. ഡിസംബര്‍ 31 വരെ ഇത് പ്രാബല്യത്തില്‍ തുടരും.
‘നിങ്ങള്‍ 10 ലക്ഷം രൂപ വിലയുള്ള വാഹനം ഉപയോഗിക്കുമ്പോള്‍, ചില്ലറ വിലയേക്കാള്‍ 10 രൂപയോ 20 രൂപയോ ഉയര്‍ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങളും വാങ്ങാം, ഉള്ളി വാങ്ങാന്‍ കഴിയാത്തവര്‍ക്ക്
രണ്ടോ നാലോ മാസത്തേക്ക് അത് കഴിച്ചില്ലെങ്കിലും പ്രത്യേകിച്ച് പ്രശ്‌നമൊന്നും ഉണ്ടാകില്ല’ പൊതുമരാമത്ത് മന്ത്രി പറഞ്ഞു. എന്നിരുന്നാലും, കയറ്റുമതി തീരുവ ചുമത്താനുള്ള തീരുമാനം ശരിയായ ഏകോപനത്തോടെ എടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ചിലപ്പോള്‍, ഉള്ളിക്ക് ക്വിന്റലിന് 200 രൂപ ലഭിക്കും, ചിലപ്പോള്‍ അത് ക്വിന്റലിന് 2,000 രൂപ ആകും. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച നടത്തി രമ്യമായ പരിഹാരം കാണാനാകുമായിരുന്നു.’ ഭൂസെ പറഞ്ഞു.
ഉള്ളിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊത്ത വിപണിയായ ലാസല്‍ഗാവ് ഉള്‍പ്പെടെ നാസിക്കിലെ എല്ലാ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളിലും (എപിഎംസി) ഉള്ളി ലേലം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. കേന്ദ്രം തീരുമാനം പിന്‍വലിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് ലേലത്തില്‍ പങ്കെടുക്കരുതെന്ന് നാസിക് ജില്ലാ ഉള്ളി ട്രേഡേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. കയറ്റുമതി തീരുവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി കര്‍ഷകരും വ്യാപാരികളും ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.





