ഭുവനേശ്വര്‍: ഒഡീഷയില്‍ അധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരെ നല്‍കിയ പരാതി അവഗണിച്ചതിനെ തുടര്‍ന്ന് സ്വയം തീ കൊളുത്തിയ 20 കാരി മരണത്തിന് കീഴടങ്ങി. (Odisha student dies self immolation, sexual harassment) ശരീരത്തിന്റെ 95 ശതമാനം ഭാഗത്തും പൊള്ളലേറ്റ പെണ്‍കുട്ടി ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലായിരുന്നു.
|
ഒഡീഷയിലെ ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലെ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) രാത്രിയോടെയാണ് പെണ്‍കുട്ടി മരണപ്പെട്ടതെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.
‘മെക്കാനിക്കല്‍ വെന്റിലേഷന്‍, ഐ.വി സപ്പോര്‍ട്ട്, ആന്റിബയോട്ടിക്കുകള്‍, വൃക്കസംബന്ധമായ തെറാപ്പി എന്നിവയുള്‍പ്പെടെ സാധ്യമായ എല്ലാ തീവ്രപരിചരണവും പെണ്‍കുട്ടിക്ക് നല്‍കിയിരുന്നു. എന്നാല്‍ ജൂലൈ 14 രാത്രി 11:46 ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി,’ എയിംസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ ഒഡീഷാ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി ദുഖം രേഖപ്പെടുത്തി. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം
‘ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവാര്‍ത്തയില്‍ ഞാന്‍ അതീവ ദുഖിതനാണ്. വിദഗ്ധ മെഡിക്കല്‍ സംഘം കഠിന പരിശ്രമം നടത്തിയിട്ടും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ കേസില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കും. ഇതിനായി ഞാന്‍ അധികാരികള്‍ക്ക് വ്യക്തിപരമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു,’ അദ്ദേഹം എക്സില്‍ കുറിച്ചു.
കോളേജിലെ ബി.എഡ് വകുപ്പ് മേധാവി സമീര്‍ സാഹു തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആവര്‍ത്തിച്ച് പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പലും കോളേജ് അധികൃതരും നടപടി സ്വീകരിക്കാത്തതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വകുപ്പ് മേധാവിയുടെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
കുറ്റാരോപിതനായ അധ്യാപകനെതിരെ കോളേജ് അധികൃതരോ പൊലീസോ ഒരു നടപടിയും സ്വീകരിക്കാത്തത് പെണ്‍കുട്ടിയെ കൂടുതല്‍ മാനസികമായി തകര്‍ത്തെന്ന് സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ‘കുറ്റവാളിയായ പ്രൊഫസറിനെതിരെ നാലോളം പരാതികള്‍ നല്‍കിയിരുന്നു. കോളേജ് അധികൃതര്‍ എന്നോട് ആഭ്യന്തര കമ്മിറ്റി റിപ്പോര്‍ട്ടിനായി കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. കുറ്റവാളിക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്നാണ് എന്റെ ആവശ്യം,’ പിതാവ് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ചതില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.


