30
Jun 2023
Sat
30 Jun 2023 Sat

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 280 പേർ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ദുരന്തഭൂമിയായ ബാലസോറിലെ അപകട സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്.

സിഗ്‌നൽ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഇനിയും കൂടുതൽ പേർ ബോഗികൾക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രാവിലെയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ റെയിൽവേമന്ത്രി വിലയിരുത്തി. ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.