എണ്ണയുടെ വില തങ്ങളുടെ നടുവൊടിക്കുകയാണെന്ന് അമേരിക്കയോട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഊർജ ആവശ്യം എങ്ങനെ പൂർത്തീകരിക്കുമെന്നതാണ് വികസ്വര രാജ്യങ്ങളുടെ പ്രധാന ആശങ്കയെന്നും ജയശങ്കർ പറഞ്ഞു. എണ്ണവില വർധിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നതെന്നും ജയശങ്കർ യുഎസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു. വാഷിങ്ടണിൽ യുഎസ് വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കനൊപ്പം സംയുക്ത വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
|
യുക്രയ്ൻ യുദ്ധം ആരുടെയും താൽപര്യപ്രകാരമല്ല നടക്കുന്നതെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയുമാണ് ഇതു പരിഹരിക്കാനുള്ള മികച്ച മാർഗമെന്നും ജയശങ്കർ പറഞ്ഞു.
പാകിസ്താന് യുഎസ് എഫ് 16 യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനെ ജയശങ്കർ ഇന്നലെ വിമർശിച്ചിരുന്നു. അതേസമയം പാകിസ്താൻ എഫ് 16 യുദ്ധവിമാനങ്ങൾ മുമ്പേ നൽകിയിരുന്നതാണെന്നും കരാറിന്റെ ഭാഗമായി പുതിയത് നൽകുന്നതേയുള്ളൂവെന്നും യുഎസ് വിദേശകാര്യസെക്രട്ടറി ഇന്നു മറുപടി നൽകി.
യുക്രയ്ൻ അധിനിവേശം നടത്തുന്ന റഷ്യക്കെതിരേ യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഉപരോധനീക്കം നടത്തുകയും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തണമെന്ന് ആവശ്യമുയർത്തുകയും ചെയ്തിരുന്നു. എന്നാൽ കുറഞ്ഞവിലയ്ക്ക് ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനഇറക്കുമതി നടത്തിവരികയാണ്.



