29
Oct 2026
Thu
29 Oct 2026 Thu
Oman temporarily limits fuel top-up near border crossings

ഒമാനിൽ അതിർത്തി ചെക്ക്‌പോസ്റ്റുകൾക്ക് സമീപമുള്ള പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് താൽക്കാലികമായി 30 ലിറ്റർ പരിധി ഏർപ്പെടുത്തി. അതിർത്തി കേന്ദ്രങ്ങളിൽനിന്ന് 50 കിലോമീറ്റർ ചുറ്റളവിലുള്ള പമ്പുകൾക്കാണ് നിയന്ത്രണം ബാധകമാകുക. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് നടപടി പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിർത്തി പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന് ആവശ്യക്കാർ വർധിക്കുകയും സ്റ്റോക്ക് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം. കൂടുതൽ ഉപഭോക്താക്കൾക്ക് ഇന്ധനം ലഭ്യമാക്കാനും നീണ്ട ക്യൂ ഒഴിവാക്കി പമ്പുകളുടെ പ്രവർത്തനം സുഗമമാക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

30 ലിറ്റർ പരിധി ഓരോ വ്യക്തിക്കാണോ വാഹനത്തിനാണോ ബാധകമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിയന്ത്രണം എത്രകാലം തുടരുമെന്നും അറിയിച്ചിട്ടില്ല. എന്നാൽ ഒരേ ദിവസം ഒന്നിലധികം തവണ ഇന്ധനം നിറയ്ക്കാമെന്ന് മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ നസ്റ ബിൻത് സുൽത്താൻ അൽ ഹബ്സി വ്യക്തമാക്കി.

അതിർത്തി പ്രദേശങ്ങളിലെ പമ്പുകൾക്ക് മാത്രമാണ് നിയന്ത്രണം ബാധകം. ഒമാനിലെ മറ്റ് പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല. ഊർജ, ധാതു മന്ത്രാലയം, ഒക്യു (OQ), പെട്രോളിയം വിപണന കമ്പനികൾ എന്നിവയുടെ സഹകരണത്തോടെയാണ് നടപടി നടപ്പാക്കുന്നത്.

ഇതിനിടെ, ഇന്ധന ടാങ്കറുകൾക്ക് വിൽക്കാവുന്ന 100 ലിറ്റർ പരിധി ലംഘിച്ചതിന് നാല് പെട്രോൾ പമ്പുകളിൽ നിയമലംഘനം കണ്ടെത്തിയതായി മന്ത്രാലയം ഒക്ടോബർ 22ന് അറിയിച്ചിരുന്നു. ബന്ധപ്പെട്ട കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

ALSO READ: പ്രണയബന്ധത്തിന്റെ പേരിൽ 31കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക