തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ. കരുംകുളം സ്വദേശി ശബരിയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നേരത്തെ ആർഎസ്എസ് പ്രവർത്തകനായ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
|
സംഭവ ദിവസം ആശ്രമത്തിൽ കണ്ട റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാർ ആണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യയിൽ അറസ്റ്റ് ചെയ്പ്പെട്ട കൃഷ്ണകുമാർ റിമാൻഡിൽ ആയിരുന്നു.
2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായി കേടുപാടുകളും സംഭവിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്.
ആശ്രമം കത്തിച്ച കേസിൽ ആത്മഹത്യചെയ്ത പ്രകാശിന് പങ്കുണ്ടെന്ന് വ്യക്തമാക്കി ഇയാളുടെ സഹോദരൻ പ്രശാന്ത് രംഗത്തെത്തിയിരുന്നു. പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പ്രശാന്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തുകയായിരുന്നു.





