സി എന്‍ ജയരാജന്‍ എഴുതുന്നു
|
ഇന്ത്യയിലെ മുസ് ലിംകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 250-ഉം 280-ഉം രോഹിന്‍ഗ്യകളെയും കൊണ്ടു പോയ രണ്ടു ബോട്ടുകള്‍ മുങ്ങിപ്പോയതായി വിവരങ്ങള്‍ വന്നിരിക്കുന്നു. അതായത്, അഞ്ഞൂറില്‍ പരം രോഹിന്‍ഗ്യകള്‍ ക്രൂരമായ മരണത്തിന് വിധേയപ്പെട്ടിരിക്കുന്നു. നമ്മളില്‍ എത്ര പേര്‍ അറിഞ്ഞു ഈ വിവരം എന്നറിില്ല. അറിഞ്ഞവരില്‍ ഒരാള്‍ പോലും പ്രതികരിക്കുന്നതായി കാണുന്നുമില്ല.
ചില കാര്യങ്ങള്‍ പറയാം. വായനക്കാര്‍ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 12 ലക്ഷത്തോളം രോഹിന്‍ഗ്യകള്‍ ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അതില്‍ പകുതിയിലേറെയും കുട്ടികളാണ്. കുട്ടികളില്‍ പലരും ജനിച്ച് വീണത് അഭയാര്‍ഥിയായിട്ടാണ്. പകുതിയിലേറെയും വിദ്യാലയത്തിന്റെ പടിപ്പുര പോലും കണ്ടിട്ടില്ല.
കേരളത്തിലടക്കമുള്ള ഇന്ത്യയിലെ മുസ് ലിംകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഓര്‍മിക്കാന്‍ ചിലത് പറയാം. 1947-ല്‍ സ്വാതന്ത്ര്യം കിട്ടുന്ന വേളയില്‍ മ്യാന്‍മറിലെ രോഹിന്‍ഗ്യകള്‍ക്ക് പൂര്‍ണ പൗരത്വാവകാശം ഉണ്ടായിരുന്നു. 1962ലെ ദേശീയ പൗരത്വ പട്ടിക വന്നപ്പോള്‍ അതില്‍ രോഹിന്‍ഗ്യകള്‍ ണ്ടായിരുന്നില്ല. 1960 -62 കാലത്ത് മ്യാന്‍മറിലെ ആരോഗ്യ മന്ത്രി പോലും രോഹിന്‍ഗ്യന്‍ ആയിരുന്നു എന്നതും പല ജനപ്രതിനിധികളും രോഹിന്‍ഗ്യാ സമുദായത്തില്‍ നിന്നും ആയിരുന്നുവെന്നും കൂടി കൂട്ടി വായിക്കുക.
1974-ല്‍ വിദേശ രജിസ്‌ട്രേഷന്‍ കാര്‍ഡുകളില്‍ രോഹിന്‍ഗ്യകള്‍ മ്യാന്‍മാര്‍ രാജ്യക്കാരല്ല എന്നു കൃത്യമായി പ്രഖ്യാപിച്ചു. 1978-1982 കാലത്ത് പൗരത്വ നിയമം വന്നപ്പോള്‍ കൃത്യമായും രോഹിന്‍ഗ്യകള്‍ പൗരന്മാരല്ല എന്നു പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രോഹിംന്‍ഗ്യകള്‍ പുറത്തായി.
2014-ല്‍ രോഹിന്‍ഗ്യകളെ സെന്‍സസിന് പുറത്താക്കി. എന്നിട്ട് ഒരു നിര്‍ദേശം മുന്നോട്ടു വച്ചു: തങ്ങള്‍ ബംഗാളികളാണെന്ന് പരസ്യമായി അംഗീകരിച്ചാല്‍, രോഹിന്‍ഗ്യകള്‍ എന്ന പേരിന് പകരം സ്വയം ബംഗാളികള്‍ എന്നു വിളിക്കാന്‍ തുടങ്ങിയാല്‍ പരിമിതമായ പൗരത്വം തിരിച്ചു തരാമെന്ന് അധികാരികള്‍ അറിയിച്ചു.
2016-ല്‍ ഇതിന്റെ പേരില്‍ പൗരത്വകാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടു. 2017-ല്‍ തൊണ്ണൂറു ശതമാനം രോഹിന്‍ഗ്യകളും പുറത്താക്കപ്പെട്ടു. അന്നു തുടങ്ങിയ നെട്ടോട്ടമാണ്, പലായനങ്ങളാണ്, ബോട്ടുയാത്രകളാണ് ഇപ്പോഴും രോഹിന്‍ഗ്യകള്‍ എന്ന ഗതികെട്ട മനുഷ്യര്‍ നടത്തുന്നത്… ഒട്ടു മിക്കവരും കുട്ടികള്‍ കൂടിയാണ്.
ഇതൊക്കെ വായിച്ചിട്ട് ഇന്ത്യയില്‍ സംഘഫാഷിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൗരത്വ നിയമങ്ങളും പാസ്‌പോര്‍ട്ട് പൗരത്വ നിഷേധവും ഒക്കെയൊന്നു പരിശോധിക്കുക. 70 കൊല്ലങ്ങള്‍ കൊണ്ടാണ് രോഹിന്‍ഗ്യകള്‍ പൂര്‍ണമായും കടലിലേക്ക് തൂത്തെറിയപ്പെട്ടത്. ഇന്ത്യയിലെ മുസ് ലിംകളും മനുഷ്യസ്‌നേഹികളും രോഹിന്‍ഗ്യകളുടെ ചരിത്രം പഠിക്കുന്നത് നല്ലതാണ്. ഒടുവില്‍ അവര്‍ നിങ്ങളെ തേടി വരുന്ന നേരം ഇവിടെ ആരും കാണാത്ത രീതിയില്‍ സകലതും ഇല്ലാതാക്കപ്പെടുകയാണ്. അതിന് കൂട്ടുനില്‍ക്കരുത്.
ALSO READ: യുഎസിന്റെ നിരവധി പോര്‍വിമാനങ്ങള്‍ തകര്‍ത്തതായി ഇറാന്‍





