ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ ബിജെപിയും പ്രതിപക്ഷവും സ്വാഗതം ചെയ്തു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സായുധ സേനയെയും ഭരണകക്ഷി പ്രശംസിച്ചു. എന്നാല് വെടിനിർത്തൽ നടപടിയിലെ യുഎസ് ഇടപെടൽ പ്രതിപക്ഷം ചോദ്യം ചെയ്തു. സർവകക്ഷി യോഗവും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും വിളിക്കണമെന്ന് പ്രതിപക്ഷം ആഹ്വാനം ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികൾക്കും അവരെ നയിച്ചവർക്കും എതിരെ സർക്കാർ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വ്യക്തമായ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, അമേരിക്ക വഹിച്ച പങ്കിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. “ഒരു നിഷ്പക്ഷ സ്ഥലത്ത് വിശാലമായ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിക്കാൻ” ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശം പ്രതിപക്ഷം എടുത്തു പറഞ്ഞു സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കി.
|
ഇന്ത്യയിലെ കാര്യം അമേരിക്കൻ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേഡ അറിയിച്ചു. പഹൽഗാമിലെ ഇരകൾക്ക് നീതി ലഭിച്ചോ ഇല്ലയോ എന്നും അറിയണമെന്നും പവൻ ഖേഡ പ്രതികരിച്ചു.
രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിൽ എടുക്കണമെന്നും പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
2019-ലെ പോലെ, പുൽവാമ-ബാലക്കോട്ട് സംഭവത്തിനുശേഷം, കാര്യങ്ങൾ ശാന്തമാക്കിയത് യുഎസ് ഇടപെടലാണ്. ഇത്തവണയും മേഖലയെ ശാന്തമാക്കാൻ ശ്രമിക്കുന്നത് യുഎസ് ഇടപെടലാണ്,” മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി പറഞ്ഞു.
Opposition hail ceasefire; but questions US role, calls for all-party meet and special session





