29
Aug 2024
Thu
29 Aug 2024 Thu
Fake NCC camp case Tamilnadu

ന്യൂഡല്‍ഹി/ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.(Organized fake NCC camp and molested 13 female students)  വ്യാജ എന്‍സിസി ക്യാമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയായതിന് പുറമേ മറ്റു 12 കുട്ടികള്‍ കൂടി അതിക്രമത്തിനിരയായതായി വിവരം പുറത്തുവന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

13 വിദ്യാര്‍ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാറിനോടും പൊലീസിനോടും ദേശീയ വനിതാ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ കേസെടുത്ത് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തമിഴ്‌നാട് പൊലീസ് മേധാവിയോട് നിര്‍ദേശിച്ചതായും കമീഷന്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും മുഖ്യമന്ത്രി സ്റ്റാലിന്‍ ഉത്തരവിട്ടു. അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി ജയശ്രീ മുരളീധരന്റെ നേതൃത്വത്തില്‍ അച്ചടക്ക സമിതി രൂപീകരിച്ച് വിദ്യാര്‍ഥിനികളുമായും രക്ഷിതാക്കളുമായും കൂടിക്കാഴ്ച്ച നടത്താനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ബാര്‍ഗൂരിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ഈ മാസം അഞ്ച് മുതല്‍ ഒമ്പതുവരെ സ്‌കൂളില്‍ നടത്തിയ വ്യാജ ക്യാമ്പിലാണ് പാര്‍ട്ട് ടൈം എന്‍.സി.സി ട്രെയിനര്‍ എന്ന പേരില്‍ ശിവരാമന്‍ എന്നയാള്‍ വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയത്.

നാം തമിളര്‍ കക്ഷിയുടെ മുന്‍ നേതാവ് കൂടിയായ ശിവരാമന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിനിടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിരയാക്കുകയായിരുന്നു. മറ്റു 12 വിദ്യാര്‍ഥിനികള്‍ക്കെതിരേ കൂടി അതിക്രമം നടന്നു. പോക്‌സോ പ്രകാരമാണ് കേസ്.

ALSO READ: എന്‍സിസി ക്യാമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യുവ നേതാവ് അറസ്റ്റില്‍

ആറ് വ്യാജ എന്‍സിസി പരിശീലകരില്‍ അഞ്ച് പേരെയും പ്രിസന്‍സിപ്പാള്‍ ഉള്‍പ്പെടെ സ്‌കൂള്‍ ഭരണകര്‍ത്താക്കളില്‍പ്പെട്ട നാലു പേരെയും അറസ്റ്റ് ചെയ്തു. സംഭവം മറച്ചുവച്ചതിനാണ് പ്രിന്‍സിപ്പാളിനെതിരേ നടപടി. ശിവരാമന് ഒളിതാവളമൊരുക്കിയ രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്.

ക്യാമ്പ് കഴിഞ്ഞെത്തിയശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ വിഷയമാരാഞ്ഞതോടെയാണ് നടുക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ശിവരാമനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

വ്യാജ എന്‍സിസി പരിശീലകര്‍ മറ്റു ചില സ്‌കൂളുകളിലും കോളജുകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. മറ്റിടങ്ങളിലും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

അതേസമയം സ്‌കൂളില്‍ എന്‍.സി.സി ക്യാമ്പ് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് എന്‍.സി.സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂളിന് എന്‍.സി.സി രജിസ്‌ട്രേഷനില്ലെന്നും അധികൃതര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ട്രെയിനറടക്കം 11 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്