01
Mar 2023
Fri
01 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ആസന്നമായ റമദാനിൽ സൗദി അറേബ്യയിൽ ഉച്ചഭാഷിണി നിരോധിച്ചുവെന്ന് വാർത്ത. സംഘ്പരിവാർ കേന്ദ്രങ്ങൾ തുടങ്ങിവച്ച പ്രചാരണം പിന്നീട് ദേശീയ മാധ്യമങ്ങളടക്കം ഏറ്റുപിടിച്ചു. റമദാനിൽ പള്ളികളിൽ തയാറെടുപ്പുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് സൗദി മതകാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ ഉദ്ധരിച്ചാണ് വ്യാജ പ്രചാരണം. റമദാനിൽ ഇഫ്താറും ബാങ്ക് വിളിയും നിരോധിച്ചു എന്നാണ് വാർത്തകൾ.

സൗദിയിൽ റമദാനിൽ ലൗഡ് സ്പീക്കറുകൾ നിരോധിച്ചതായി ബിജെപി നേതാവ് സുരേന്ദ്ര പൂനിയ ആരോപിച്ച് ട്വിറ്റർ പോസ്റ്റ് ഷെയർ ചെയ്തു. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റമദാനിൽ നമസ്‌കാരവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകൾ പാസാക്കി. ലൗഡ്‌സ്പീക്കറുകൾ പാടില്ല. പ്രാർത്ഥനകളുടെ സംപ്രേഷണം പാടില്ല. പ്രാർത്ഥനകൾ ഹ്രസ്വമായിരിക്കണം. സംഭാവന ശേഖരണം പാടില്ല. പ്രാർത്ഥനക്കായി പള്ളികളിൽ കുട്ടികളെ കൊണ്ടുവരുരുത്. പള്ളികളിൽ ഇഫ്താർ പാടില്ല എന്നിവ കുറിച്ചതിനുശേഷം നിങ്ങൾ ഇത് ഇന്ത്യയിൽ ചെയ്താൽ ഒരു കൊടുങ്കാറ്റ് തന്നെ ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.

ഇതിനു പിന്നാലെ സംഘ്പരിവാറുകാർ പ്രചാരണം സോഷ്യൽ മീഡിയയിൽ ഏറ്റുപിടിച്ചു.സൗദി അറേബ്യയിൽ റമദാൻ നിയന്ത്രിക്കാൻ കിരീടാവകാശി ശ്രമിക്കുന്നതായി ന്യൂസ് 18 ഡോട്ട് കോം, ദി പ്രിന്റ്, ലൈവ് ഹിന്ദുസ്ഥാൻ, എബിപി, ഇന്ത്യ ടിവി, വലതുപക്ഷ മാധ്യമ സ്ഥാപനമായ ഒപ്ഇന്ത്യ തുടങ്ങിയവയും വ്യാജ അവകാശവാദങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആൾട്ട് ന്യൂസിന്റെ വസ്തുതാ പരിശോധനാ സംഘം ഈ അവകാശവാദം പൂർണമായും നിരാകരിച്ചു. മാർച്ച് മൂന്നിന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ഉച്ചഭാഷിണി നിരോധിക്കുന്നതിനെക്കുറിച്ച് പരാമർശമില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. റമദാൻ മാസത്തിൽ ഇമാമുമാരും മുഅദ്ദിൻമാരും പള്ളികളിൽനിന്ന് വിട്ടുനിൽക്കരുതെന്നാണ് സൗദി അധികൃതർ നൽകിയ പ്രധാന നിർദേശം. ആവശ്യമെങ്കിൽ അവർ മന്ത്രാലയത്തിന്റെ റീജിയണൽ ബ്രാഞ്ചിൽ നിന്നുള്ള അനുമതിയോടെ പകരം ചുമതലക്കാരെ നിയോഗിക്കണം. ഇമാമുമാരും മുഅദ്ദിനുകളും കൂടുതൽ ദിവസം വിട്ടുനിൽക്കാൻ പാടില്ലെന്നും സർക്കുലറിൽ പ്രത്യേകം പറയുന്നു. എല്ലാ പ്രാർത്ഥനകളുടെയും സമയം കൃത്യമായി പാലിക്കണമെന്നാണ് മറ്റൊരു നിർദേശം. രാത്രി നമസ്‌കാരം ചുരുക്കണമെന്നും പള്ളികളിലെത്തുന്ന വിശ്വാസികളുടെ സൗകര്യം കണക്കിലെടുക്കണമെന്നും ഇമാമാരോട് ആവശ്യപ്പെട്ടിരുന്നു.

ഇഫ്താറുകൾ സംഘടിപ്പിക്കാൻ പള്ളികൾ സംഭാവനകൾ ശേഖരിക്കാൻ പാടില്ല. നോമ്പ് തുറകൾ പള്ളിക്കകത്ത് പാടില്ലെന്നും മസ്ജിദ് അങ്കണങ്ങളിൽ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണമെന്നുമാണ് ഇഫ്താറുമായി ബന്ധപ്പെട്ട നിർദേശം. മസ്ജിദുകളിൽ വിശ്വാസികൾ നമസ്‌കാരം നിർവഹിക്കുന്നതിന്റേയും ഖുർആൻ പാരായണം ചെയ്യുന്നതിന്റേയും ഫോട്ടോകൾ എടുക്കുന്നതും ഏതുതരം മാധ്യമങ്ങളിലൂടെയും അവ സംപ്രേഷണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളികളിലേക്ക് വരുമ്പോൾ കുട്ടികളെ കൊണ്ടുവരുന്നതും മന്ത്രാലയം വിലക്കി. പള്ളികളിൽ ബാങ്കും ഇഖാമത്തും വിളിക്കാൻ മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാവൂയെന്നത് 2021ൽ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്ലത്തീഫ് ആലുശൈഖ് നൽകിയ നിർദേശമാണ്. പള്ളികളിൽനിന്ന് പുറമേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം പരിമിതപ്പെടുത്താനായിരുന്നു ഇത്. ലൗഡ് സ്പീക്കർ ഉപകരണത്തിന്റെ ലൗഡ്‌നസ് ലെവൽ മൂന്നിലൊന്ന് കവിയാൻ പാടില്ലെന്നും നിബന്ധന വെച്ചിരുന്നു. സൗദിയിൽ ഉച്ചഭാഷിണി ഉപയോഗത്തിൽ നിയന്ത്രണമുണ്ടെങ്കിലും അതൊന്നും കണക്കിലെടുത്താണ് പാടേ നിരോധിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക