വാഷിംഗ്ടൺ: ഇറാന്റെ പെട്രോളിയം, പെട്രോകെമിക്കൽ വ്യാപാരത്തിൽ പങ്കാളികളായതിന് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധമേർപ്പെടുത്തി അമേരിക്ക. ഇറാനിയൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ട് വാഷിംഗ്ടൺ ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ (Operation Economic Outcast) എന്ന നടപടിയുടെ ഭാഗമായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം.
|
പോർട്ടീസ് പാർട്ട്നേഴ്സ് എൽ.എൽ.പി (Portease Partners LLP), സദാശിവ ഓവർസീസ് ലിമിറ്റഡ് (Sadashiva Overseas Ltd), പി.പി സോഫ്ടെക് പ്രൈവറ്റ് ലിമിറ്റഡ് (PP Softtech Pvt Ltd), പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Prakrutees Infra Impex India Pvt Ltd) എന്നിവയാണ് ഉപരോധം നേരിട്ട ഇന്ത്യൻ കമ്പനികൾ. പോർട്ടീസ് പാർട്ട്നേഴ്സിന്റെ പങ്കാളികളായ ഹരീഷ് രാമചന്ദ്ര രംഗി, ഇദ്രീസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, പി.പി സോഫ്ടെക്കിന്റെ പ്രശാന്ത് ഗാർഗ് എന്നിവരാണ് നടപടി നേരിട്ട ഇന്ത്യക്കാർ.
ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സൗകര്യമൊരുക്കിയതിനാണ് കസ്റ്റംസ് ബ്രോക്കറായ പോർട്ടീസ് പാർട്ട്നേഴ്സിനെതിരെ നടപടിയെടുത്തത്. സദാശിവ ഓവർസീസ് 6.9 കോടി ഡോളറിലധികം (ഏകദേശം 69 മില്യൺ ഡോളർ) മൂല്യമുള്ള ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി അമേരിക്ക ആരോപിക്കുന്നു. പി.പി സോഫ്ടെക്, പ്രകൃതീസ് ഇൻഫ്രാ എന്നിവ 2.5 കോടി ഡോളർ വീതം മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.
ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വാങ്ങൽ, വിൽപ്പന, ഗതാഗതം, വിപണനം എന്നിവയിൽ ബോധപൂർവം പങ്കാളികളായതിനാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ച യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധമേർപ്പെടുത്തിയ 60 വ്യക്തികളും സ്ഥാപനങ്ങളും അടങ്ങുന്ന പട്ടികയിലാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നത്.
Tags: US Sanctions Indian firms, US Iran sanctions, Operation Economic Outcast, India Iran trade news, International news Malayalam, Business news Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





