24
Aug 2026
Mon
24 Aug 2026 Mon
US Plans To Hike H-1B Visa Fee To Over 99 lakh rupees

വിദേശ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും തിരിച്ചടിയാകുന്ന പുതിയ കുടിയേറ്റ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. എച്ച്-1ബി വിസയ്ക്കും എഫ്-1 ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിക്കും പുതിയ ഫീസ് ഏർപ്പെടുത്താനാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) നീക്കം നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ നിർദേശപ്രകാരം എച്ച്-1ബി വിസയുടെ ഫീസ് 1,03,265 ഡോളറായി(98.9 ലക്ഷം രൂപ) ഉയർത്തിയേക്കുമെന്ന് ഫെഡറൽ രജിസ്റ്റർ റിപ്പോർട്ട് ചെയ്തു. നിർദേശം പ്രാബല്യത്തിൽ വന്നാൽ അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്കും സർവകലാശാല പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്ന വിദ്യാർഥികൾക്കും എച്ച്-1ബി ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കും സാമ്പത്തിക ബാധ്യത വർധിക്കും.

ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി

പുതിയ നീക്കം ഇന്ത്യക്കാരെ കാര്യമായി ബാധിച്ചേക്കും. എച്ച്-1ബി വിസയുടെ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. 2024ൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 3,99,402 എച്ച്-1ബി പെറ്റീഷനുകൾക്ക് അംഗീകാരം നൽകിയിരുന്നു. ഇതിൽ 71 ശതമാനവും ഇന്ത്യയിൽ ജനിച്ചവർക്കായിരുന്നു.

കോർപ്പറേറ്റ് ഇമിഗ്രേഷൻ സേവന സ്ഥാപനമായ ഫ്രാഗോമന്റെ വിലയിരുത്തലനുസരിച്ച്, നിർദേശങ്ങൾ വൈറ്റ് ഹൗസിലെ ഓഫിസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിന്റെ (OMB) പരിഗണനാ ഘട്ടം പിന്നിട്ടിട്ടുണ്ട്.

OPT അപേക്ഷകൾക്ക് 1 ലക്ഷം ഡോളർ വരെ ഫീസ് ഏർപ്പെടുത്തുന്ന നിർദേശവും DHS പരിഗണിക്കുന്നതായി ഫ്രാഗോമൻ അറിയിച്ചു. അതേസമയം, എച്ച്-1ബി ഫീസുമായി ബന്ധപ്പെട്ട നിർദേശത്തിന്റെ വിശദാംശങ്ങൾ നിലവിൽ രഹസ്യമായി തുടരുകയാണ്. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ശേഷമേ പൂർണ വിവരങ്ങൾ ലഭ്യമാകൂ.

എച്ച്-1ബി ജീവനക്കാർക്ക് 60 ദിവസത്തെ ഗ്രേസ് പിരീഡും നഷ്ടമായേക്കും

പുതിയ ഫീസ് നിർദേശങ്ങൾക്ക് പുറമെ, ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി ജീവനക്കാർക്ക് നിലവിലുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാനും DHS നേരത്തെ നിർദേശം മുന്നോട്ടുവച്ചിരുന്നു.

നിലവിൽ ജോലി അവസാനിച്ചാൽ പുതിയ ജോലി കണ്ടെത്തുന്നതിനോ മറ്റ് കുടിയേറ്റ സംവിധാനങ്ങളിലേക്ക് മാറുന്നതിനോ എച്ച്-1ബി ജീവനക്കാർക്കും ചില ആശ്രിതർക്കും 60 ദിവസം വരെ സമയം ലഭിക്കും. ഈ ആനുകൂല്യം ഒഴിവാക്കുന്ന നിർദേശം അന്തിമമായാൽ ജോലി നഷ്ടപ്പെടുന്നവർക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകും.

അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ എണ്ണവും 52 ലക്ഷത്തിലധികമാണ്. അതിനാൽ പുതിയ കുടിയേറ്റ നിയന്ത്രണങ്ങളും ഫീസ് വർധനയും ഇന്ത്യക്കാരെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ALSO READ: കുംഭമേളയ്ക്ക് ചെലവഴിക്കുന്നതിന്റെ 0.1% തുകയുണ്ടെങ്കിൽ പൂട്ടിയ നൂറിലധികം സ്കൂളുകൾ രക്ഷിക്കാമായിരുന്നു: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രസന്ന ബി വരാലെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക