മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകി.എട്ട് സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്‌ലിം ലീഗ് നിർമിക്കുന്നത്.
തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്ന് ലീഗ് ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ അനുമതി ലഭിക്കാതെ പ്ലോട്ട് തിരിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്ലോട്ട് വിഭജനം നടത്താൻ അനുമതി തേടാതെ, നിർമാണം തുടങ്ങി എന്ന് കാണിച്ച് നേരത്തെ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ സെക്രട്ടറി, ലീഗ് നേതൃത്വത്തിന് വാക്കാൽ നിർദേശം നൽകിയത്.
ലീഗ് നിർമിക്കുന്ന ടൗൺഷിപ്പിൽ 68 റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്ക് ഡെവലപ്മെന്റ് പെർമിറ്റ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൂർത്തീകരിക്കുന്നതിന് മുമ്പ് പ്രസ്തുത സ്ഥലത്ത് ഏഴ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് എടുത്തെന്നാണ് ചട്ടവിരുദ്ധമായി കണ്ടെത്തിയത്. ആദ്യം നൽകിയ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും നിർമാണങ്ങൾക്ക് യാതൊരു തടസ്സവുമില്ലെന്നും പാണക്കാട് സാദിക്കൽ ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും പ്രതിസന്ധികൾ മറികടന്ന് ടൗൺഷിപ്പുമായി മുന്നോട്ടു പോകുമെന്നും ലീഗ് നേതാക്കൾ പ്രതികരിച്ചു.
|
ALSO READ: കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





