24
Sep 2024
Sat
24 Sep 2024 Sat
Times Now Navbharath

ന്യൂഡല്‍ഹി: ന്യൂസ് ചാനലില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ‘ഏറ്റുമുട്ടി’ പാനലിസ്റ്റുകള്‍.(Panelists fight during live tv channel discussion) ടൈംസ് നൗ നവഭാരത് ചാനലിലെ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനും സംഘപരിവാര അനുയായിയുമായ ആനന്ദ് രംഗനാഥനുമാണ് വാഗ്വാദത്തിലേര്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈയാങ്കളിയിലെത്തുമെന്ന ഘട്ടം വന്നതോടെ വാര്‍ത്താ അവതാരകയും സഹപാനലിസ്റ്റുകളും ചേര്‍ന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നവിക കുമാറായിരുന്നു ബി.ജെ.പി അനുകൂല ചാനലായ ടൈംസ് നൗ നവഭാരതിലെ വാര്‍ത്താ അവതാരക. രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ തെഹ്‌സീന്‍ പൂനെവാലയും ചര്‍ച്ചയിലുയിരുന്നു.

ALSO READ: ട്രെയിന്‍ യാത്രയ്ക്കിടെ 11കാരിയെ കയറിപ്പിടിച്ച റെയില്‍വേ ജീവനക്കാരനെ തല്ലിക്കൊന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍നിന്ന് ജാമ്യം അനുവദിച്ച വിഷയത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചക്കിടെ പലതവണ ആനന്ദ് രംഗനാഥന്‍ വ്യക്തിപരമായി അശുതോഷിനെ വിമര്‍ശിച്ച് സംസാരിച്ചതോടെയാണ് രംഗം വഷളായത്.

‘അയാള്‍ നിരന്തരം എന്നെ മോശമായി പരാമര്‍ശിക്കുന്നു. അത് നിര്‍ത്താന്‍ അയാളോട് പറയണം’ എന്ന് നവിക കുമാറിനോട് ഒരുതവണ അശുതോഷ് ക്ഷുഭിതനായി ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ആരന്ദ് രംഗനാഥന്‍ അധിക്ഷേപം തുടര്‍ന്നതോടെയാണ് അശുതോഷിന് നിയന്ത്രണം വിട്ടത്.

സീറ്റ് വിട്ടിറങ്ങിയ അശുതോഷ് ആനന്ദ് രംഗനാഥനെതിരെ കനത്ത ശകാരവുമായി തല്ലാനടുത്തതോടെ വാര്‍ത്താ അവതാരകയും സഹപാനലിസ്റ്റുകളും രംഗം ശമിപ്പിക്കാനുള്ള ശ്രമത്തിലായി. അശുതോഷിന്റെ കനത്ത ‘ആക്രമണത്തില്‍’ പിടിവിട്ടു പോയ ആനന്ദ് രംഗനാഥന്‍ ‘ഒച്ചയിടരുത്, ഞാന്‍ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം’ എന്ന് പറഞ്ഞതോടെ വാഗ്വാദം കനത്തു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ചത്.

മുമ്പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അശുതോഷ് ആം ആദ്മി പാര്‍ട്ടിയുടെ വക്താവായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് വീണ്ടും മാധ്യമ പ്രവര്‍ത്തകനായത്. സത്യഹിന്ദിയുടെ സഹസ്ഥാപകനും എഡിറ്റോറിയല്‍ ഡയറക്ടറുമായ അദ്ദേഹം, ടെലിവിഷന്‍ ചാനലായ ഐ.ബി.എന്‍7 ന്യൂസ് ആങ്കറും മാനേജിങ് എഡിറ്ററുമായിരുന്നു.

ബി.ജെ.പി-ആര്‍.എസ്.എസ് അനുകൂല നിലപാടുകളുള്ള ആനന്ദ് രംഗനാഥന്റെ പല പ്രസ്താവനകളും സമീപകാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇസ്രായേല്‍ ഗസ്സയില്‍ ചെയ്യുന്നതുപോലുള്ള നടപടികളാണ് വേണ്ടതെന്ന് ഇക്കഴിഞ്ഞ ജൂണില്‍ രംഗനാഥന്‍ നടത്തിയ പ്രസ്താവന ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

അതേസമയം ഈ ‘ഏറ്റുമുട്ടല്‍’ ചാനല്‍ അധികൃതര്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയും പലരും രംഗത്തുവന്നിട്ടുണ്ട്. ‘ആളുകള്‍ നിങ്ങളുടെ മോശം ന്യൂസ് ചാനല്‍ കാണുന്നത് നിര്‍ത്തുമ്പോള്‍, നിങ്ങള്‍ പുതിയ തട്ടിപ്പുമായി വരികയാണ്. പാനലിസ്റ്റുകളെ പരസ്പരം ഏറ്റുമുട്ടിക്കുകയാണെന്നതാണത്. രംഗനാഥ് അടുത്തിടെ ഹൃദയാഘാതത്തില്‍ നിന്ന് സുഖം പ്രാപിച്ചയാളാണ്. എന്നിട്ടും നിങ്ങള്‍ അദ്ദേഹത്തെ വഴക്കടിക്കാനിറക്കി. കാരണം ടി.ആര്‍.പി ആണ് പ്രധാനം’ -മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈര്‍ ‘എക്‌സി’ല്‍ കുറിച്ചു.