കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊന്ന കേസിൽ കൂട്ടബലാൽസംഗം ആരോപിച്ച് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. ഡോക്ടറുടെ മൃതദേഹത്തിൽ 150 ഗ്രാം ബീജം ഉണ്ടായിരുന്നു എന്നതടക്കമുള്ള വസ്തുതകൾ ഡോക്ടറുടെ മാതാപിതാക്കൾ കൽക്കട്ട ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
|
അതേസമയം കഴിഞ്ഞദിവസം കേസ് സിബിഐ ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ രാവിലെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണുകളിൽ രണ്ടും കണ്ണടയുടെ ചില്ലുകൾ തറച്ചും കഴുത്തെല്ല് ഒടിഞ്ഞും വായിലൂടെയും മൂക്കിലൂടെയും ജനനേന്ദ്രിയത്തിലൂടെയും രക്തസ്രാവമുണ്ടായും ദേഹമാസകലം മറ്റു പരിക്കുകളോടും കൂടിയായിരുന്നു മൃതദേഹം.
ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നാണ് ആശുപത്രിയിൽ നിന്ന് വീട്ടുകാരെ അറിയിച്ചത്. ഇതിനു പിന്നാലെ പ്രതിഷേധവുമായി ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ രംഗത്തുവരികയും പോലീസ് സഞ്ജയ് റോയ് എന്ന പ്രതിയെ പിടികൂടുകയുമായിരുന്നു. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്ന് കുടുംബത്തെ അറിയിച്ചതും മൃതദേഹ പരിശോധനയിലെ കണ്ടെത്തലുകളുമാണ് കുടുംബത്തിന്റെ സംശയത്തിനു കാരണമായത്.
ചെവികൾക്കും ചുണ്ടിനും മുറിവേറ്റിരുന്നുവെന്നും കഴുത്തിൽ കടിയേറ്റിരുന്നുവെന്നും കുടുംബം സമർപ്പിച്ച ഹരജിയിൽ പറയുന്നു. മൃതദേഹത്തിൽ കണ്ടെത്തിയ 150 ഗ്രാം ബീജം കൃത്യത്തിൽ ഒന്നിലധികം പേർ പങ്കുചേർന്നുവെന്നാണ് വ്യക്തമാക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.