|
പാരിസ്: ഫ്രാന്‍സില്‍ നടന്നുവരുന്ന പാരിസ് ഒളിംപിക്‌സിന് ഇന്ന് സമാപനം. ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉള്‍പ്പടെ ആറ് മെഡലുകളാണ് ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചതിനാല്‍ ഇന്ത്യക്ക് ഇനി മെഡല്‍ കിട്ടില്ല. ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡല്‍ ലഭിക്കുന്നതിന് തീരുമാനമായാല്‍ മെഡല്‍ നേട്ടം ഏഴിലേക്ക് എത്തും.
സമാപനത്തില്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷും ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറും ഇന്ത്യന്‍ പതാകയേന്തും.
സമാപനത്തിന് ഗംഭീര പരിപാടികളാണ് പാരിസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30 നാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകുക. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാന്‍സിലാണ് ചടങ്ങുകള്‍ നടക്കുക. രാജ്യങ്ങളുടെ പരേഡിന് ശേഷം ഒളിംപിക്‌സ് പതാക 2028 ഒളിംപിക്‌സിന്റെ ആദിദേയരായ ലോസ് ആഞ്ചലസിന് കൈമാറും.
1998ലെ ഫിഫ ലോക്ക് ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടംനേടിയത് ഈ ഗ്രൗണ്ടില്‍വച്ചാണ്. 80,000 ത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളിതന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്.
ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാപരിപാടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
ടോക്കിയോ ഒളിംപിക്‌സിലെ ഏഴ് മെഡല്‍ എന്ന നേട്ടം മറികടക്കാനാവാതെയാണ് ഇന്ത്യ മടങ്ങുന്നത്. ഇത്തവണ 10 മെഡലുകളാണ് രാജ്യം പ്രതീക്ഷിച്ചിരുന്നത്. സഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിന്‍ ത്രോ എന്നീ നാല് ഇനങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് മെഡല്‍ നേടാനായത്.
ഒരു സ്വര്‍ണ മെഡല്‍ ഇല്ലെന്ന നിരാശയുമായാണ് പാരിസില്‍നിന്ന് ഇന്ത്യ മടങ്ങുന്നത്. ടോക്കിയോയില്‍ സ്വര്‍ണം ജയിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഹോക്കി ടീം കഴിഞ്ഞ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നിലനിര്‍ത്തി. കൂടാതെ മനു ഭാകര്‍, സരബ്‌ജ്യോത് സിങ്, സ്വപ്‌നില്‍ കുസാലെ, അമന്‍ സെഹ്‌റാവത്ത് എന്നിവരാണ് മെഡല്‍ നേടിയത്.
ഇന്നലെ രാത്രിയിലെ കണക്കനുസരിച്ച് 35 സ്വര്‍ണവുമായി ചൈന ഒന്നാമതും യു.എസ്. (33) രണ്ടാമതുമാണ്. 41 വെള്ളി നേടിയ അമേരിക്ക ആകെ മെഡലുകളില്‍ ഏറെ മുന്നിലുണ്ട്. തുടക്കംതൊട്ടേ സ്വര്‍ണനേട്ടത്തില്‍ ചൈന മുന്നിലായിരുന്നു.
ഓവറോള്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാണ്. തുടര്‍ച്ചയായി നാലാം കിരീടമണിയാന്‍ വെമ്പുന്ന അമേരിക്കയെ ചൈന പിടിച്ചുകെട്ടുന്നു. കൂടുതല്‍ സ്വര്‍ണം കിട്ടുന്ന ടീമിനാണ് ചാമ്പ്യന്‍പട്ടം. അവസാനദിവസത്തെ മത്സരങ്ങള്‍ ജേതാക്കളെ നിര്‍ണയിക്കും. അത്‌ലറ്റിക്‌സില്‍ വനിതാ മാരത്തണ്‍ ബാക്കിയുണ്ട്. ഹാന്‍ഡ്‌ബോള്‍, വാട്ടര്‍പോളോ, സൈക്ലിങ്, ഗുസ്തി, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ ഫൈനലുകളുമുണ്ട്. ഈ ഒളിമ്പിക്‌സിലെ അവസാനമത്സരം വനിതാ ബാസ്‌കറ്റ്‌ബോള്‍ ഫൈനലാണ്.
വെള്ളി ലഭിക്കുമോ..? വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്ന് വൈകീട്ടോടെ വിധി; പ്രാര്‍ത്ഥനയോടെ 140 കോടി ജനം | vinesh phogat appeal updates
ഇന്ത്യക്ക് ഇത്തവണ ഒരു വെള്ളി അടക്കം ആറുമെഡലാണ്. കഴിഞ്ഞതവണ ടോക്യോയില്‍ സ്വര്‍ണത്തോടെ ഏഴ് മെഡലുണ്ടായിരുന്നു.അടുത്ത ഒളിമ്പിക്‌സ് 2028ല്‍ അമേരിക്കയിലെ ലൊസ് ആഞ്ചലസിലാണ്. ആതിഥേയരാകുന്നത് മൂന്നാംതവണയാണ്.
അതേസമയം, ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഗുസ്തി മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യയുടെ സൂപ്പര്‍ താരം വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീലില്‍ അന്താരാഷ്ട്ര കോടതി ഇന്നു വിധി പറയും. ഇന്ന് വൈകീട്ടോടെ ആകും വിധി വരിക.
ഫൈനലിന് തൊട്ടുമുമ്പുള്ള മുമ്പ് നടന്ന ഭാരപരിശോധനയില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ ഭാരം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിനേഷ് അയോഗ്യയായത്. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ ഉറപ്പായ മെഡല്‍ നഷ്ടമാകുകയും അവരെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വെള്ളിമെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു വെള്ളി മെഡല്‍ പങ്കുവയ്ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്.
നേരത്തെ ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30ന് മുമ്പായി ഈ വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് കോടതി ഇന്നത്തേക്ക് നീട്ടുകയായിരുന്നു.
വിനേഷിന്റെ അപ്പീലില്‍ വെള്ളിയാഴ്ച കോടതി മൂന്നു മണിക്കൂര്‍ വാദംകേട്ടു. പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഇന്ന് രാത്രി നടക്കുന്നതിനാല്‍ അതിന് മുമ്പായി കേസില്‍ വിധി ഉണ്ടാകും.
വിനേഷിന്റെ അയോഗ്യത ഉത്തേജകമരുന്ന് ഉപയോഗം പോലുള്ള മോശം പ്രവൃത്തിയുടെ പേരിലല്ലെന്നും ഭാരപരിശോധനയില്‍ 100 ഗ്രാമിന്റെ ഭാരക്കൂടുതല്‍ ആണെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നുവെന്നും വിനേഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് താരത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. യൂണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐ.ഒ.എ എന്നിവരുടെയും വാദവും കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുക.
കായികരംഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വ്യവഹാരത്തിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണ് കായിക തര്‍ക്ക പരിഹാര കോടതി.
Paris Olympics 2024 end today India ends campaign with six medals, one silver and 5 bronze


