അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി; അധിര്‍ രഞ്ജന്‍ ചൗധരിക്ക് സസ്‌പെന്‍ഷന്‍, പ്രതിപക്ഷം സഭവിട്ടു
|
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ സഖ്യം കൊണ്ടുവന്ന അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ തള്ളി. ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാരോപിച്ച് കോണ്‍ഗ്രസ് സഭാകക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനെതിരായ പരാതിയില്‍ അവകാശലംഘന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. നാളെ സമ്മേളനം തീരാനിരിക്കെയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് ആദ്യമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയ വേളയില്‍ അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആദ്യം തന്നെ ഓര്‍മ്മപ്പെടുത്തി. രാജാവ് അന്ധനാണെന്ന് പറഞ്ഞ അദ്ദേഹം, ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടതും ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്ന് ചൗധരി പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച അധിര്‍ രഞ്ജന്‍ ചൗധരി, ഹസ്തിനപുരം ആണെങ്കിലും മണിപ്പൂര്‍ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
ഇതോടെ സഭയില്‍ എഴുന്നേറ്റ അമിത് ഷാ രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്നതല്ലെന്നും വിമര്‍ശിച്ചു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ മറു ചോദ്യം. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം ശക്തമായി.
മണിപ്പൂരില്‍ സമാധാനത്തിന്റെ സൂര്യന്‍ ഉദിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുറ്റക്കാരെ ആരെയും വെറുതെ വിടില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ചെയ്യാന്‍ കഴിയുന്നത് മുഴുവന്‍ സംസ്ഥാനവും കേന്ദ്രവും ചേര്‍ന്ന് ചെയ്യും. സ്ത്രീകളും പെണ്‍മക്കളും അടങ്ങുന്ന മണിപ്പൂര്‍ ജനതയോട് ഒപ്പം രാജ്യം ഉണ്ടെന്നും മോദി പറഞ്ഞു.
.





